തിരുവനന്തപുരം: അട്ടപ്പാടിയിലെ ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും മൂന്ന് മാസത്തിനകം ഭൂമി നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശം നല്‍കി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഭൂമി വിതരണം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. അട്ടപ്പാടിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.
ഭൂരഹിതരില്‍ നിന്ന് ഭൂമിക്കായി അടിയന്തരമായി അപേക്ഷ ക്ഷണിക്കും. നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യമെങ്കില്‍ അധികം ജീവനക്കാരെ അനുവദിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. സംയുക്ത പരിശോധന പൂര്‍ത്തിയാക്കിയ 2700 ഏക്കര്‍ ഭൂമി വിതരണത്തിന് സജ്ജമാണെന്ന് ഒറ്റപ്പാലം സബ് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. അട്ടപ്പാടിയില്‍ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്ത എല്ലാ ആദിവാസി കുട്ടികള്‍ക്കും പ്രത്യേക സര്‍ക്കാര്‍ ഉത്തരവിലൂടെ പ്രവേശനം നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അട്ടപ്പാടിയില്‍ പഠനസൗകര്യം ലഭിക്കാതെ ഒരു കുട്ടിപോലും ബുദ്ധിമുട്ടരുതെന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ അട്ടപ്പാടിക്കായി തയ്യാറാക്കിയ സീറോ ഹംഗര്‍ ഇന്‍ ട്രൈബല്‍ ഹാബിറ്റാറ്റ്‌സ് എന്ന പദ്ധതി ഒരു സബ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാനും തീരുമാനമായി. പട്ടികവര്‍ഗ ക്ഷേമം, ധനകാര്യം, പ്ലാനിങ്, ജലവിഭവം വകുപ്പുകളുടെ സെക്രട്ടറിമാര്‍, ഒറ്റപ്പാലം സബ് കളക്ടര്‍ എന്നിവര്‍ അംഗങ്ങളായ ഉപസമിതി 15 ദിവസത്തിനകം രൂപീകരിക്കും. അട്ടപ്പാടിയില്‍ ഗോതമ്പിനു പകരം റാഗി സ്ഥിരമായി വിതരണം ചെയ്യുന്നതിനുള്ള സാധ്യത ആരായാനും യോഗത്തില്‍ തീരുമാനമായി. മന്ത്രി പി.കെ. ജയലക്ഷ്മി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ആസൂത്ര ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post