തിരുവനന്തപുരം: ഓണക്കാലത്തെ പൂഴ്ത്തിവയ്ക്കലും കരിഞ്ചന്തയും തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികളെടുത്തിട്ടുണ്ടെന്ന് ഭക്ഷ്യപൊതുവിതരണമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. പൊതുവിതരണവകുപ്പിന്റെയും സപ്‌ളൈകോയുടെയും പ്രത്യേക സ്‌ക്വാഡുകള്‍ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഓണവിപണിയില്‍ ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
പൊതുവിപണിയില്‍ 700ഓളം രൂപ വിലയുള്ള ഭക്ഷ്യസാധനങ്ങളടങ്ങിയ സപ്‌ളൈകോ ഓണക്കിറ്റ് എല്ലാ സപ്‌ളൈകോ മെട്രോടൗണ്‍ ഓണം ഫെയറുകളിലും പീപിള്‍സ് ബസാര്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, മുഖ്യകേന്ദ്രങ്ങളിലുള്ള സൂപ്പര്‍മാര്‍ക്കറ്റുള്‍ എന്നിവിടങ്ങളിലും ആഗസ്റ്റ് 23 മുതല്‍ 541 രൂപയ്ക്ക് ലഭിക്കും. പഞ്ചസാര, ശബരി ഉപ്പ്, ശര്‍ക്കര എന്നിവ ഒരു കിലോഗ്രാം വീതവും ചെറുപയര്‍ പരിപ്പ്, വന്‍പയര്‍, തുവരപ്പരിപ്പ് എന്നിവ അര കിലോഗ്രാം വീതവും അര ലിറ്റര്‍ ശബരി വെളിച്ചെണ്ണയും കിറ്റിലുണ്ടാകും. ശബരി ഗോള്‍ഡ് ചായപ്പൊടി (250 ഗ്രാം), ശബരി മുളക്‌പൊടി (200 ഗ്രാം), ശബരി വാളന്‍പുളി (250 ഗ്രാം), ശബരി സാമ്പാര്‍ പൊടി, രസപ്പൊടി, മഞ്ഞള്‍പ്പൊടി, കടുക് (100 ഗ്രാം വീതം), ശബരി കായം, ജീരകം (50ഗ്രാം), കിസ്മിസ്, അണ്ടിപ്പരിപ്പ് എലയ്ക്കപായ്ക്കറ്റ് (50 ഗ്രാം), സേമിയ പായസം മിക്‌സ് (200 ഗ്രാം), പപ്പടം (20 എണ്ണം) എന്നിവയും സപ്‌ളൈകോ നല്കുന്ന ഓണക്കിറ്റിലുണ്ടാകും. അഞ്ച് ലക്ഷം കിറ്റുകളാണ് സപ്‌ളൈകോ വില്ക്കാനുദ്ദേശിക്കുന്നത്.
സപ്‌ളൈകോയുടെ തെരഞ്ഞെടുക്കപ്പെട്ട മെട്രോടൗണ്‍ ഓണം ഫെയറുകളിലും വില്പനശാലകളിലും ഹോര്‍ട്ടി കോര്‍പ്പുമായി ചേര്‍ന്ന് സദ്യക്ക് അവശ്യമായ പച്ചക്കറിക്കിറ്റും ലഭ്യമാക്കും. 250 രൂപ വിലയുള്ള 18 ഇന പച്ചക്കറിക്കിറ്റ് 150 രൂപയ്ക്കാണ് ലഭിക്കുക.
Discussion about this post