തിരുവനന്തപുരം: സത്യസന്ധരായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളുടെ നിര്‍ലോഭമായ സഹകരണമുണ്ടാവണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മലയിന്‍കീഴ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് സേന സമൂലമായ മാറ്റത്തിന്റെ വഴിയിലാണ്. ജനങ്ങളുടെ സേവകരാണ് എന്ന ഉത്തമ ബോധ്യത്തോടെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. സേനാംഗങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കാനും അഭിനന്ദിക്കാനും മാധ്യമങ്ങളും പൊതുസമൂഹവും തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങളില്ലാത്ത കേരളം എന്നതാണ് സ്വപ്നം. ഇത് ഒറ്റയടിക്ക് നടപ്പാക്കാം എന്ന വിശ്വാസമില്ല. പക്ഷെ സാമൂഹിക അവബോധം വളര്‍ത്തിക്കൊണ്ട് കേരളത്തിന്റെ മുഖഛായ മാറ്റാന്‍ കഴിയും. കുട്ടികളെ മയക്കുമരുന്നിന് അടിമയാക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആധുനിക സങ്കേതികവിദ്യയുടെ ദുരുപയോഗവും ചെറുപ്പക്കാരില്‍ കുറ്റകൃത്യത്തിന് കാരണമാകുന്നു. എല്ലാ കുറ്റകൃത്യങ്ങളെയും നിയന്ത്രണവിധേയമാക്കാന്‍ തക്ക അടിസ്ഥാന സൗകര്യം പോലീസ് സേനക്കില്ല. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ജാഗരൂകരാകണം. പൊതുസമൂഹവും ഈ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സേനാംഗങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഓരോന്നായി പരിശോധിച്ച് നടപടിയെടുത്തുവരുന്നു. സുപ്രധാനമായ എല്ലാ കാര്യങ്ങളിലും തീരുമാനമായി. ആദിവാസി മേഖലയില്‍ നിന്ന് പോലീസ് സേനയിലേക്ക് 200 പേരെ പി.എസ്.സി. വഴി നിയമിക്കുന്നതിനുളള നടപടികളായി. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പോലീസ് സേനയിലേക്കുളള നിയമനങ്ങള്‍ നടപ്പാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭ സ്പീക്കര്‍ എന്‍.ശക്തന്‍ അധ്യക്ഷനായിരുന്നു. മലയിന്‍കീഴ് പോലീസ് സ്റ്റേഷനും സി.ഐ. ഓഫീസും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധത്തില്‍ വിപുലമായ കെട്ടിടം നിര്‍മ്മിക്കാനുളള സഹായമുണ്ടാകണമെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. ഈ വര്‍ഷം ഡിസംബറില്‍ തന്നെ കാട്ടാക്കട മണ്ഡലത്തിലെ മുഴുവന്‍ റോഡുകളിലും റബ്ബറൈസ്ഡ് റോഡ് ടാറിങ് പൂര്‍ത്തിയാക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍, തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി.പി.മനോജ് എബ്രഹാം, ദക്ഷിണമേഖല എ.ഡി.ജി.പി.കെ.പത്മകുമാര്‍, തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഷെഫീന്‍ അഹമ്മദ് എന്നിവരും ജനപ്രതിനിധികളും സംബന്ധിച്ചു.












