വര്‍ക്കല: ശ്രീനാരായണഗുരുവിന്റെ 88-ാമത് മഹാസമാധിദിനത്തില്‍ ശിവഗിരിയില്‍ വന്‍ ഭക്തജനത്തിരക്ക്. നാടിന്റെ നാനഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ഭക്തരാണ് സമാധിമന്ദിരത്തില്‍ രാവിലെ മുതല്‍ പൂജകളില്‍ പങ്കെടുക്കുന്നതിനായി എത്തിയത്. മഹാസമാധിദിനത്തോടനുബന്ധിച്ച് വിശേഷാല്‍പൂജ, ഹവനം, ഗുരുദേവകൃതികളുടെ പാരായണം, മഹാസമാധി സമ്മേളനം, ഉപവാസയജ്ഞം, പ്രാര്‍ഥന, കലശാഭിഷേകം, അന്നദാനം എന്നിവ നടന്നു.
ഉച്ചയ്ക്ക് 3.30ന് സമാധിപൂജ നടന്നു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പര്‍ണശാലയില്‍ നിന്ന് പൂര്‍ണകുംഭം സമാധിസ്ഥലത്തേക്ക് ആനയിച്ചു. സമാധിമന്ദിരത്തില്‍ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തില്‍ പൂജയും അഭിഷേകവും നടന്നു.












