തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, പ്രധാന റോഡിന്റെ ഇരുവശങ്ങളിലായുള്ള പഴയ ആശുപത്രിബ്ലോക്കിനെയും പുതിയ ഒ.പി. ബ്ലോക്കിനെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട്, 4 കോടിയോളം രൂപ ചെലവില്‍ ഇടനാഴികള്‍ നിര്‍മ്മിക്കുന്നതിന് ആരോഗ്യകുടുംബക്ഷേമവകുപ്പും ഇന്‍ഫോസിസ് ഫൗണ്ടഷനും തമ്മില്‍ ധാരണയായി. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യുവും ഇന്‍ഫോസിസിന്റെ കേരളാ ഡവലപ്‌മെന്റ് സെന്റര്‍ മേധാവി സുനില്‍ ജോസും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ഫൗണ്ടേഷന്റെ കേരളത്തിലെ ആദ്യത്തെ ബൃഹത് പദ്ധതിയാണിത്. കേരളത്തിന്റെ ആരോഗ്യമേഖലയോട് പ്രത്യേകതാല്പര്യം പ്രകടിപ്പിച്ചുകൊണ്ട്, ഈ പദ്ധതിയ്ക്കുവേണ്ടി മുന്‍കൈയെടുത്ത ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍ സുധാമൂര്‍ത്തിയെ മന്ത്രി വി.എസ്. ശിവകുമാര്‍ അഭിനന്ദനമറിയിച്ചു. നൂറുമീറ്ററിലധികം നീളത്തില്‍, ഇരുബ്ലോക്കുകളുടെയും ഒന്നാംനിലകളെയും രണ്ടാം നിലകളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട്, രണ്ട് സ്‌കൈവാക്കുകളാണ് പദ്ധതിയിലുള്ളത്. ഇവ 120 ദിവസത്തിനകം നിര്‍മ്മിച്ച് ആരോഗ്യകുടുംബക്ഷേമവകുപ്പിന് കൈമാറുമെന്ന് ഇന്‍ഫോസിസിന്റെ കേരളാ ഡവലപ്‌മെന്റ് സെന്റര്‍ മേധാവി സുനില്‍ ജോസ് പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, ഇരുബ്ലോക്കുകളിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും തിരക്കേറിയ റോഡ് മുറിച്ച്കടന്ന് നിരന്തരം യാത്ര ചെയ്യേണ്ടിവരുന്ന നൂറ് കണക്കിന് രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഏറെ ആശ്വാസമാകും. ചടങ്ങില്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഡോ. എം. റംലാബീവി, മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അത്യാഹിതവിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം.എസ്. സുല്‍ഫിക്കര്‍, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ പ്രതിനിധി എസ്. പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു












