തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഒക്‌ടോബര്‍ മൂന്നിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരും സമ്മതിദായകരെ സ്വാധീനിക്കുകയോ പ്രീണിപ്പിക്കുകയോ പ്രീതിപ്പെടുത്തുകയോ ചെയ്യുന്ന നടപടി സ്വീകരിക്കുന്നതില്‍ നിന്നും അവരെ തടയുന്നതിനും അതു വഴി തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി നടത്തുന്നതിനുമാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുത്തുന്നത്. സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ അവരുടെ നേട്ടങ്ങള്‍, നടപ്പിലാക്കിയ പദ്ധതികള്‍ തുടങ്ങിയവയുടെ പരസ്യങ്ങള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, എല്‍.ഇ.ഡി. ഡിസ്‌പ്ലേ എന്നിവ സമ്മതിദായകരെ സ്വാധീനിക്കാവുന്ന തരത്തില്‍ പൊതു സ്ഥലങ്ങളിലും റോഡിന്റെ വശങ്ങളിലും സ്ഥാപനങ്ങളുടെ പരിസരത്തും സ്ഥാപിച്ചിട്ടുള്ളതായി കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവ അടിയന്തിരമായി നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.
സര്‍ക്കാരിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും നേട്ടങ്ങളും നടപ്പിലാക്കിയ പദ്ധതികളും സംബന്ധിച്ച് അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ നിര്‍ത്തുവാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലേക്കാവശ്യമായ പോലീസ് സഹായം ലഭ്യമാക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്കും, സിറ്റി പോലീസ് കമ്മീഷണമാര്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സത്വര നടപടികള്‍ സ്വീകരിയ്ക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.












