തക്കല: നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. പത്മനാഭപുരം തേവാരക്കെട്ടില്‍നിന്നു സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളെയാണു ഘോഷയാത്രയായി തിരുവനന്തപുരത്ത് കൊണ്ടുവരുന്നത്. ഇന്നലെ രാവിലെ 7.30നു ഘോഷയാത്രയിലെ പ്രധാന ചടങ്ങായ ഉടവാള്‍ കൈമാറ്റം പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയില്‍ നടന്നു. പട്ടുവിരിച്ച പീഠത്തില്‍ സൂക്ഷിച്ചിരുന്ന ഉടവാള്‍ ആചാരപ്രകാരം കൊട്ടാരം സൂപ്രണ്ട് ആര്‍. രാജേഷ്‌കുമാര്‍, കേരള പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാര്‍ എന്നിവര്‍ ഗവര്‍ണര്‍ പി. സദാശിവത്തിനു കൈമാറി. അദ്ദേഹം ഉടവാള്‍ കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണര്‍(ചുമതല) പൊന്‍ സ്വാമിനാഥനു നല്‍കി.
തിരുവട്ടാര്‍ ആദികേശവ ക്ഷേത്ര മാനേജര്‍ വി. സുദര്‍ശനകുമാര്‍ പിന്നീട് അദ്ദേഹത്തില്‍നിന്ന് ഉടവാള്‍ ഏറ്റുവാങ്ങി. മന്ത്രി വി.എസ്. ശിവകുമാര്‍, കന്യാകുമാരി ജില്ലാ കലക്ടര്‍ സജ്ജന്‍ സിങ് ആര്‍. ചവാന്‍, ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവം, കുഴിത്തുറ ദേവസ്വം സൂപ്രണ്ട് വി.എന്‍. ശിവകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് എം. മണിവര്‍ണന്‍, നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്. സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഘോഷയാത്രയ്ക്കു വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. 13ന് വൈകിട്ടോടെ ഘോഷയാത്ര കരമന ആവടയമ്മന്‍ കോവിലിലെത്തും. വൈകിട്ട് 6.30നു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലുള്ള നവരാത്രി മണ്ഡപത്തില്‍ എത്തിച്ചേരും. തുടര്‍ന്നു സരസ്വതിദേവീയെ നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്ക ദേവിയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പത്തുനാള്‍ പൂജയ്ക്കിരുത്തും. 14ന് ആരംഭിക്കുന്ന നവരാത്രിപൂജ 23നു സമാപിക്കും. ഒരു ദിവസത്തെ നല്ലിരുപ്പിനുശേഷം 25ന് ആരംഭിക്കുന്ന വിഗ്രഹങ്ങളുടെ മടക്കയാത്ര 27നു പത്മനാഭപുരത്ത് എത്തിച്ചേരും.സരസ്വതിദേവിയെ ആനപ്പുറത്തും മറ്റു വിഗ്രഹങ്ങളെ പല്ലക്കിലുമാണ് എഴുന്നള്ളിക്കുന്നത്.
Discussion about this post