തിരുവനന്തപുരം: ജംഗ്ഷനുകളിലും പോസ്റ്റുകളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ തദ്ദേശ തെരഞ്ഞടുപ്പ് പൊതു നിരീക്ഷകനായ ഡോ. എം.ടി. രെജുവിന്റെ സാന്നിധ്യത്തില്‍ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പോലീസിന്റെയും സംയുക്തയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോര്‍ഡുകളുടേയും തോരണങ്ങളുടേയും കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. ജനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നവിധം ജംഗ്ഷനുകളിലും മറ്റുമുള്ള എടുത്തുമാറ്റും. പലയിടത്തും പോസ്റ്റിലും മറ്റും കൊടികള്‍ കെട്ടുന്നത് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള ബോര്‍ഡുകളും കൊടികളും ഒഴിവാക്കിയില്ലെങ്കില്‍ അവ എടുത്തുമാറ്റുകയും ചെലവ് സ്ഥാനാര്‍ഥികളുടെ കണക്കില്‍പ്പെടുത്തുമെന്ന് പൊതു നിരീക്ഷകനായ ഡോ. എം.ടി. രെജു അറിയിച്ചു. ഉച്ചഭാഷിണികളുടെ ഉപയോഗത്തില്‍ മിതത്വം പാലിക്കണം.
പൊതു പരിപാടിയുണ്ടെങ്കില്‍ യോഗത്തിന് രണ്ടു മണിക്കൂര്‍ മുമ്പു മാത്രമേ മൈക്ക് ഉപയോഗിക്കാവൂ. പരിപാടി കഴിഞ്ഞാലുടന്‍ ഓഫ് ചെയ്യുകയും വേണം. പൊതുയോഗങ്ങള്‍ക്കും മൈക്ക് ഉപയോഗത്തിനുമുള്ള അനുമതി സി.ഐ ഓഫീസില്‍ നിന്നാണ് വാങ്ങാനുള്ളത്. രാത്രി 10 മണി കഴിഞ്ഞുള്ള മൈക്ക് ഉപയോഗവും അനുവദിക്കില്ല. വാഹനത്തിലുള്ള അനൗണ്‍സ്‌മെന്റിനും പൊതുസ്ഥലത്തും രണ്ട് ബോക്‌സില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. പ്രശ്‌നസാധ്യതയുള്ള ബൂത്തുകളും സ്ഥലങ്ങളും പാര്‍ട്ടികള്‍ അറിയിച്ചാല്‍ അവിടങ്ങളില്‍ കൂടുതല്‍ പോലീസിനെ ഏര്‍പ്പെടുത്തുന്നതടക്കമുള്ള തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. 28 ന് മുമ്പ് ഇത്തരം വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കണം.
പരാതികള്‍ ഉണ്ടെങ്കില്‍ അതത് വരണാധികാരികളെയോ നിരീക്ഷകനെയോ ജില്ലാ കളക്ടറെയോ അറിയിക്കാം. യോഗത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദ്, ഡി.സി.പി സഞ്ജയ്കുമാര്‍ ഗുരുഡിന്‍, ചെലവ് നിരീക്ഷന്‍ എസ്. മുരളീധരന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. രാജഗോപാല്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












