പത്തനംതിട്ട: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാറ്റര്‍ മാനേജ്മെന്‍റിന്‍റെയും(ഐഎല്‍ഡിഎം) ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ശബരിമല തീര്‍ഥാടനം സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായി പമ്പ മുതല്‍ സന്നിധാനം വരെ ദുരന്തനിവാരണയാത്ര നടത്തി. പത്തനംതിട്ട ജില്ലാ അസിസ്റ്റന്‍റ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ഐഎല്‍ഡിഎം ഡയറക്ടറും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗവുമായ ഡോ. കേശവ് മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് ദുരന്തനിവാരണ യാത്ര നടത്തിയത്.
തീര്‍ഥാടകരുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കുക, ദുരന്ത ആഘാത സാധ്യതാ അപഗ്രഥനം നടത്തുക എന്നിവയായിരുന്നു ദുരന്തനിവാരണ യാത്രയുടെ ലക്ഷ്യം. തീര്‍ഥാടനത്തെ പ്രതികൂലമായി ബാധിക്കുന്ന അന്‍പതോളം പ്രശ്നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതായി അസിസ്റ്റന്‍റ് കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ പറഞ്ഞു. ഇവയ്ക്ക് ആവശ്യമായ പരിഹാര നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സമഗ്രമായ റിപ്പോര്‍ട്ട് സംസ്ഥാന ദുരന്തനിവാരണ പഠന കേന്ദ്രമായ ഐഎല്‍ഡിഎം തയാറാക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗം ഡോ. കേശവ് മോഹന്‍ പറഞ്ഞു.
സുരക്ഷാ യാത്രയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ കണ്ടെത്തുകയും ഇതുസംബന്ധിച്ച് വനം വകുപ്പിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ശൗചാലയങ്ങള്‍ ആവശ്യമായ പ്രദേശങ്ങളും നിലവിലുള്ളവയുടെ അപര്യാപ്തതകളും സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന് മാര്‍ഗനിര്‍ദേശം നല്‍കി. വെടിമരുന്ന് ശാലകളുടെ സുരക്ഷിതത്വവും, തേങ്ങ ഉടയ്ക്കുന്ന പ്രദേശങ്ങളിലും, പാചകവാതകം ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്തിരിക്കുന്ന സ്ഥലങ്ങളിലും സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും സംഘം വിലയിരുത്തി. തീര്‍ഥാടന പാതയില്‍ സ്ഥാപിക്കേണ്ട ഓക്സിജന്‍ പാര്‍ലറുകളുടെ ആവശ്യകതയും സ്ഥാനങ്ങളും സംഘം പരിശോധിച്ചു. അപ്പാച്ചിമേട്, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ വേണ്ടിവരുന്ന അധിക സജ്ജീകരണങ്ങളെക്കുറിച്ച് സംഘം വിലയിരുത്തി. തീര്‍ഥാടനപാതയില്‍ കൈവരികള്‍ പുനസ്ഥാപിക്കേണ്ടതും പുതുതായി സ്ഥാപിക്കേണ്ടതുമായ സ്ഥലങ്ങള്‍ പരിശോധിച്ചു. ഫയര്‍ ആന്‍ഡ് റസ്ക്യു വിഭാഗത്തിന്‍റെ നിയന്ത്രണത്തിലുള്ള ഫയര്‍ ഹൈഡ്രന്‍റുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്ന് സംഘം നിര്‍ദേശിച്ചു. പമ്പ നദിയിലെ ആഴം സംബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ശിപാര്‍ശ നല്‍കാനും തീരുമാനിച്ചു.
ഫയര്‍ ആന്‍ഡ് റസ്ക്യു സര്‍വീസസ്, പോലീസ്, റവന്യു, ആരോഗ്യം, എക്സൈസ്, ദേവസ്വം, വനം, ദുരന്തനിവാരണം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സുരക്ഷായാത്രയില്‍ പങ്കെടുത്തത്. സുരക്ഷായാത്ര സംബന്ധിച്ച് കൂടുതല്‍ വിശകലനങ്ങള്‍ നടത്തുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. പമ്പ-സന്നിധാനം പാതയ്ക്കു പുറമേ പത്തനംതിട്ട മുതല്‍ പമ്പ വരെയുള്ള തീര്‍ഥാടന പാതയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ഒക്ടോബര്‍ 26ന് ദുരന്തനിവാരണയാത്ര നടത്തണമെന്ന് റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് സംഘത്തിനു നിര്‍ദേശം നല്‍കി.
എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ സുരക്ഷിതമായ മണ്ഡല-മകരവിളക്ക് മഹോത്സവം ഒരുക്കുന്നതിലേക്കായി എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ ഉള്‍പ്പെടെ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഈ വര്‍ഷവും നടപ്പാക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം ഡോ. കേശവ് മോഹന്‍ പറഞ്ഞു.












