ചങ്ങനാശേരി: കള്ളത്തരങ്ങള്‍ ഒളിപ്പിക്കാനുള്ള നീക്കങ്ങളാണു വിശാലഹിന്ദു ഐക്യ രൂപീകരണത്തിനു പിന്നിലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തിലുള്ള 102-ാമതു വിജയദശമി നായര്‍ മഹാസമ്മേളനം പെരുന്ന എന്‍എസ്എസ് ബോയ്സ് ഹൈസ്കൂള്‍ മൈതാനിയിലെ മന്നം നഗറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശാല ഹിന്ദു ഐക്യത്തിനു പിന്നില്‍ സ്ഥാപിത താത്പര്യമാണെന്നും വിശാല ഹിന്ദു ഐക്യം ഉണ്ടായെങ്കിലേ ഹൈന്ദവരുടെ പൊതുതാത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളുവെന്നു കരുതുന്നില്ലെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
ഹൈന്ദവ സമൂഹത്തിന്റെ പൊതുതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്‍എസ്എസ് പ്രതിജ്ഞാബദ്ധമാണ്. ആ ചുമതല മറ്റാരെക്കാളും എന്‍എസ്എസ് നിര്‍വഹിക്കുന്നുമുണ്ട്. വിശാലഹിന്ദു ഐക്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ എന്‍എസ്എസിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ അനുവദിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. എന്‍എസ്എസിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാടാണുള്ളത്. ചില സന്ദര്‍ഭങ്ങളില്‍ സമദൂരത്തില്‍ നിന്ന് ശരിദൂരം കണെ്ടത്താറുണ്ട്.
സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കും നീതിനിഷേധത്തിനുമെതിരേ എന്‍എസ്എസ് പ്രതികരിക്കാറുണ്ട്. ശരിയെ പിന്തുണയ്ക്കുകയും തെറ്റിനെ വിമര്‍ശിക്കുകയും ചെയ്യും. അതുകൊണ്ട് എന്‍എസ്എസ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ മതത്തിനോ എതിരാണെന്നോ ആരോടെങ്കിലും കൂടുതല്‍ അടുപ്പമുണെ്ടന്നോ കരുതേണ്ട കാര്യമില്ല. ഈ നയത്തിലൂടെ സംവരണ കാര്യങ്ങളൊഴിച്ചുള്ള പല വിഷയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരില്‍നിന്നു പരിഹാരം കണെ്ടത്താന്‍ കഴിഞ്ഞതായും സുകുമാരന്‍ നായര്‍ പറഞ്ഞു.
സംവരണ, സംവരണേതര സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് ഇന്നത്തെ സംവരണനയം പൊളിച്ചെഴുതണമെന്നും കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്ന മേജര്‍ സിന്‍ഹു കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നവര്‍ എന്‍എസ്എസിന്റെ ലേബല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
Discussion about this post