തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. ആദ്യഘട്ടത്തില്‍ നവമ്പര്‍ രണ്ടിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒക്ടോബര്‍ 31 ന് വൈകുന്നേരം അഞ്ച് മണിമുതല്‍ നവമ്പര്‍ രണ്ട് വൈകുന്നേരം അഞ്ച് മണിവരെ ഡ്രൈ ഡേ ആയിരിക്കും.
നവമ്പര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കുന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നവമ്പര്‍ മൂന്നിന് വൈകുന്നേരം അഞ്ച് മണി മുതല്‍ അഞ്ചാംതീയതി വൈകുന്നേരം അഞ്ച് മണിവരെ ഡ്രൈ ഡേ ആയിരിക്കും. ഇതിനുപുറമെ വോട്ടെണ്ണല്‍ ദിനമായ നവംബര്‍ ഏഴിന് സംസ്ഥാനം ഒട്ടാകെ ഡ്രൈ ഡേ ആയിരിക്കും. ഡ്രൈ ഡേ ദിനങ്ങളില്‍ മദ്യം വിപണനം ചെയ്യുന്ന കടകള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, ക്ലബ്ബുകള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവ അടച്ചിടും. ഈ ദിവസങ്ങളില്‍ ഇവിടങ്ങളിലൂടെ മദ്യം വിതരണം ചെയ്യാന്‍ അനുവാദമില്ല. വ്യക്തികള്‍ക്ക് മദ്യം സൂക്ഷിച്ച് വയ്ക്കുന്നതിനും അനുമതിയില്ല. ഡ്രൈ ഡേകളില്‍ പോളിംഗ് ഏരിയയ്ക്ക് ചുറ്റുമുള്ള ഹോട്ടല്‍, സത്രം, കടകള്‍ തുടങ്ങിയ പൊതു, സ്വകാര്യ സ്ഥലങ്ങളില്‍ മദ്യമോ, ലഹരി വസ്തുക്കളോ വില്ക്കാനോ, വിതരണം ചെയ്യാനോ പാടില്ല. ഇതിനാവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എക്‌സൈസ് കമ്മീഷണറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
Discussion about this post