തിരുവനന്തപുരം: ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതിന് അയല്‍ സംസ്ഥാനങ്ങളുടെകൂടി സമ്മര്‍ദം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം മാസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല മാസ്റ്റര്‍ പ്ലാനിനായി 65.32 കോടി രൂപ സര്‍ക്കാര്‍ ചെലവിട്ടിട്ടുണ്ട്. 25 കോടി രൂപ മുതല്‍മുടക്കില്‍ തയ്യാറാക്കിയ സ്വീവേജ് സിസ്റ്റം നവംബര്‍ 10 ന് കമ്മീഷന്‍ ചെയ്യും. അയല്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായി കണ്‍ട്രോള്‍ റൂം തുറക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പമ്പയിലും സന്നിധാനത്തും കേരളത്തിന്റെ കൂടി സഹകരണത്തോടെ കണ്‍ട്രോള്‍ റൂമുകളും ആരംഭിക്കാനാകും.
ശബരിമലയില്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ ചിത്രം തയ്യാറാക്കുന്നുണ്ട്. സുപ്രസിദ്ധ ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യം പ്രതിഫലം കൂടാതെ ഇതിനോട് സഹകരിക്കും എന്നറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തയ്യാറാക്കുന്ന വീഡിയോ അന്യസംസ്ഥാനങ്ങളില സിനിമാശാലകള്‍, ഓണ്‍ലൈന്‍, വീഡിയോ തുടങ്ങിയ സംവിധാനങ്ങളിലൂടെ ആവര്‍ത്തിച്ച് പ്രദര്‍ശിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പ്ലാസ്റ്റിക് ഉപയോഗം കര്‍ശനമായി നിരോധിച്ച് ശബരിമലയുടെ പരിശുദ്ധി നിലനിര്‍ത്തണമെന്നും അതിനായുള്ള സഹകരണവും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
അന്യസംസ്ഥാനങ്ങള്‍ക്കായി ശബരിമലയില്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചുകൊണ്ടുള്ള നടപടികള്‍ പൂര്‍ത്തിയായതായി അധ്യക്ഷനായിരുന്ന ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ചെറിയ സാങ്കേതിക തടസങ്ങളുണ്ടായിരുന്നത് പരിഹരിക്കപ്പെട്ടു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. ശുചിത്വവും ഹരിതാഭവുമായ ശബരിമലയെ നിലനിര്‍ത്താന്‍ കൂട്ടായശ്രമം ഉണ്ടാവണം. പ്ലാസ്റ്റിക് ഉള്‍പ്പെടെ അപകടകരമായ മാലിന്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ശബരിമല തീര്‍ത്ഥാടനത്തിന് കേരളം തയ്യാറാക്കുന്ന പദ്ധതികളുമായി സഹകരിക്കുമെന്ന് തെലുങ്കാന മന്ത്രി അലോല ഇന്ദ്രകരണ്‍ റെഡി പറഞ്ഞു. ശബരിമലയില്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചതിന് തെലുങ്കാന മുഖ്യമന്ത്രിയുടെ നന്ദി കേരളത്തെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെലുങ്കാനയില്‍ നിന്നുള്ള തിര്‍ത്ഥാടകര്‍ക്കായി ഇവിടെ സൗകര്യങ്ങള്‍ ഒരുക്കും. കേരളത്തിനായി തെലുങ്കാനയുടെ ഹൃദയഭാഗത്ത് ഒരേക്കര്‍ സ്ഥലം അനുവദിച്ചിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഹൈ പവര്‍ കമ്മറ്റി ചെയര്‍മാന്‍ കെ.ജയകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍, അംഗം പി.കെ.കുമാരന്‍, പുണ്യം പൂങ്കാവനം പദ്ധതിയെ പ്രതിനിധീകരിച്ച് പി.വിജയന്‍, ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.കെ.വാസുകി, പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്.ഹരികിഷോര്‍, പൊതുഭരണ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ സി.പി.രാമരാജ പ്രേമപ്രസാദ് തുടങ്ങിയവരും അയല്‍ സംസ്ഥാനങ്ങളിലെയും കേരളത്തിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post