തിരുവനന്തപുരം: മലയാളം ശ്രേഷ്ഠഭാഷാ ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നാളെ (നവമ്പര്‍ നാല്) വൈകുന്നേരം നാല് മണിക്ക് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. സാംസ്‌കാരിക, പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ്, ആരോഗ്യവും ദേവസ്വവും വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, എം.എല്‍.എമാരായ പാലോട് രവി, സി.പി.മുഹമ്മദ്, ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി അംഗം ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഭരണഭാഷാ പുരസ്‌കാരവും മുഖ്യമന്ത്രി വിതരണം ചെയ്യും. 2015 ലെ ഭരണഭാഷാ സേവന പുരസ്‌കാരത്തിന് ക്ലാസ്-മൂന്ന് ജീവനക്കാരുടെ വിഭാഗത്തില്‍ ഒന്നാം സമ്മാനം പാലക്കാട് കളക്ടറേറ്റിലെ ക്ലാര്‍ക്ക് മണികണ്ഠനും രണ്ടാം സമ്മാനം പാലക്കാട് സ്‌പെഷ്യല്‍ തഹസീല്‍ദാരുടെ കാര്യാലയത്തിലെ യു.ഡി.ക്ലാര്‍ക്ക് ഡി.സ്മിതക്കും ടൈപ്പിസ്റ്റ്/കംപ്യൂട്ടര്‍ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫര്‍ വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എല്‍.ഡി.ടൈപ്പിസ്റ്റ് ഒ.ലതയുമാണ് അര്‍ഹരായിട്ടുള്ളത്. സ്വതന്ത്രകൃതികളൊന്നും തന്നെ ലഭിക്കാത്തതിനാല്‍ ഇക്കൊല്ലം ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരം ഇല്ല. ഒന്നാം സമ്മാനമായി 10,000 രൂപയും, സദ്‌സേവന രേഖയും ഫലകവും രണ്ടാം സമ്മാനം 5000 രൂപയും സദ്‌സേവനരേഖയും ഫലകവും നല്‍കും. ടൈപ്പിസ്റ്റ്/കംപ്യൂട്ടര്‍ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫര്‍മാര്‍ക്ക് 5000 രൂപയും സദ്‌സേവന രേഖയും ഫലകവും സമ്മാനമായി നല്‍കും. ചടങ്ങില്‍ ചീഫ് സെക്രട്ടറി ജീവനക്കാര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.












