തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മേയറായി അഡ്വ. വി.കെ. പ്രശാന്തിനെയും ഡെപ്യൂട്ടി മേയറായി അഡ്വ. രാഖി രവികുമാറിനെയും തിരഞ്ഞെടുത്തു. വരണാധികാരിയായ ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ കോര്പ്പറേഷന് കൗണ്‍സില്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പ് നടപടികളിലൂടെയാണ് പുതിയ മേയറെയും ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുത്തത്.
രണ്ടു ഘട്ടങ്ങളിലായാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്. മേയര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കഴക്കൂട്ടം വാര്‍ഡില്‍ നിന്ന് വിജയിച്ച അഡ്വ. വി.കെ. പ്രശാന്ത്, വലിയവിള വാര്‍ഡില്‍ നിന്ന് വിജയിച്ച അഡ്വ. വി.ജി. ഗിരികുമാര്‍, ഉള്ളൂര്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച ജോണ്സണ് ജോസഫ് എന്നിങ്ങനെ മൂന്ന് സ്ഥാനാര്‍ഥികളാണ് രംഗത്തുണ്ടായിരുന്നത്. 99 കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ഇതില്‍ വി.കെ. പ്രശാന്തിന് 43 വോട്ടും വി.ജി. ഗിരികുമാറിന് 35 വോട്ടും ജോണ്സണ് ജോസഫിന് 20 വോട്ടും ലഭിച്ചു. ശ്രീകാര്യം ഡിവിഷനില്‍ നിന്നുള്ള സ്വതന്ത്ര കൗണ്‍സിലര്‍ ലതാകുമാരി ആര്‍ക്കും വോട്ട് രേഖപ്പെടുത്താത്തതിനാല്‍ അസാധുവായി.
ആദ്യഘട്ട വോട്ടെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിച്ച അഡ്വ. വി.കെ. പ്രശാന്ത്, അഡ്വ. വി.ജി. ഗിരികുമാര്‍ എന്നിവര്‍ തമ്മിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. രണ്ടാംഘട്ടത്തില്‍ വി.കെ. പ്രശാന്തിന് 42 വോട്ടും വി.ജി. ഗിരികുമാറിന് 35 വോട്ടും ലഭിച്ചു. കൂടുതല്‍ വോട്ട് നേടിയ അഡ്വ. വി.കെ. പ്രശാന്തിനെ മേയറായി തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാംഘട്ടത്തില്‍ 20 കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നു. പൂങ്കുളം കൗണ്‍സിലര്‍ സി. സത്യന്റെയും ശ്രീകാര്യം കൗണ്‍സിലര്‍ ലതാകുമാരിയുടേയും വോട്ടുകള്‍ അസാധുവായി.
ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍, വഴുതക്കാട് ഡിവിഷനെ പ്രതിനിധീകരിക്കുന്ന അഡ്വ. രാഖി രവികുമാര്‍, പട്ടം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന എസ്.ആര്. രമ്യ രമേഷ്, ബീമാപ്പള്ളി ഈസ്റ്റ് വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന ഇ. സജീനബീവി എന്നിങ്ങനെ മൂന്ന് സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ടായിരുന്നു. 100 കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ഇതില്‍ രാഖി രവികുമാറിന് 43 വോട്ടും രമ്യ രമേഷിന് 35 വോട്ടും സജീനബീവിക്ക് 21 വോട്ടും ലഭിച്ചു. ശ്രീകാര്യം ഡിവിഷനില്‍ നിന്നുള്ള സ്വതന്ത്ര കൗണ്‍സിലര്‍ ലതാകുമാരിയുടെ വോട്ട് അസാധുവായി. ആദ്യഘട്ട വോട്ടെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിച്ച അഡ്വ. രാഖി രവികുമാര്‍, രമ്യ രമേഷ് എന്നിവര്‍ തമ്മിലായിരുന്നു രണ്ടാംഘട്ട മല്‍സരം. രണ്ടാംഘട്ടത്തില്‍ രാഖി രവികുമാറിന് 43 വോട്ടും രമ്യ രമേഷിന് 35 വോട്ടും ലഭിച്ചു. 21 കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നു. കൂടൂതല്‍ വോട്ട് ലഭിച്ച അഡ്വ. രാഖി രവികുമാറിനെ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീകാര്യം ഡിവിഷനില്‍ നിന്നുള്ള സ്വതന്ത്ര കൗണ്‍സിലര്‍ ലതാകുമാരിയുടെ വോട്ട് അസാധുവായി.
മേയറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. വി.കെ. പ്രശാന്തിന് ജില്ലാ കളക്ടര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാറിന് മേയര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോര്പ്പറേഷന് കൗണ്‍സിലില്‍ കഴക്കൂട്ടം ഡിവിഷനെയാണ് മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് പ്രതിനിധീകരിക്കുന്നത്. ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ പ്രതിനിധീകരിക്കുന്നത് വഴുതക്കാട് ഡിവിഷനെയാണ്.
Discussion about this post