തിരുവനന്തപുരം: കൊല്ലം-കോട്ടപ്പുറം ജലപാതാ വികസനപദ്ധതിയിലെ പ്രധാന പ്രവര്‍ത്തനമായ കോവില്‍ത്തോട്ടം പാലം നിര്‍മാണത്തിനുള്ള തുക താല്‍ക്കാലികമായി സര്‍ക്കാര്‍ വഹിക്കും. കെ.എം.എം.എല്‍. ലാഭത്തിലാകുന്ന മുറയ്ക്ക് ആ തുക സര്‍ക്കാരിന് കെ.എം.എം.എല്‍. തിരിച്ചടയ്ക്കണമെന്നും തീരുമാനമായി.
നിലവിലുള്ള എസ്റ്റിമേറ്റിന്റെ അന്‍പത് ശതമാനം തുക ഐ.ഡബ്ല്യൂ.എ.ഐ.യും നല്‍കും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ നിയമസഭയിലെ അദ്ദേഹത്തിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഫര്‍ണസ് ഓയില്‍, ഹൈഡ്രോളിക് ആസിഡ് എന്നിവ പമ്പ് ചെയ്യാനുള്ള പെപ്പ്‌ലൈന്‍ കെ.എം.എം.എല്‍. സ്ഥാപിക്കും. ഇതിനുള്ള ഷോര്‍ട്ട് ടെന്‍ഡര്‍ പത്ത് ദിവസത്തിനകം വിളിക്കും. ജനുവരി അവസാനത്തോടെ ഇത് കമ്മീഷന്‍ ചെയ്യും. ദേശീയ ജലപാതയില്‍ ഒറ്റവരി ഗതാഗത സംവിധാനം ഇതിനകം നിലവില്‍ വന്നു. ചരക്കുഗതാഗതം എപ്പോള്‍ വേണമെങ്കിലും ആരംഭിക്കാവുന്ന നിലയിലാണ്. അടിസ്ഥാന സൗകര്യം ഇനിയും വികസിപ്പിക്കേണ്ടതുണ്ട്. ദേശീയ ജലപാതയില്‍ അഷ്ടമുടിക്കായലിലെ ദളവാപുരം ഭാഗത്ത് ഡ്രെഡ്ജ് ചെയ്ത ശേഷം ലഭിക്കുന്ന മണ്ണ് ഫലപ്രദമായി വിനിയോഗിക്കുന്നത് സംബന്ധിച്ച് ഏകോപന സമിതിയോഗം വിളിച്ചുചേര്‍ക്കാന്‍ കൊല്ലം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ജലവിഭവ മന്ത്രി പി.ജെ.ജോസഫ്, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.












