തിരുവനന്തപുരം: സ്‌മാര്‍ട്ട്‌സിറ്റി പദ്ധതി യു.ഡി.എഫിന്റെ നേട്ടമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫിന്റെ കാലത്ത് ഒരിഞ്ചുഭൂമി പോലും ടീകോമിന് വില്‍ക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു കരാറിലെ വ്യവസ്ഥയെന്നും എല്‍.ഡി.എഫ് കരാറിലൊപ്പിട്ടത് ഈ വ്യവസ്ഥകള്‍ അട്ടിമറിച്ചാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
പദ്ധതി സംസ്ഥാനത്തിന്റെ താത്‌പര്യത്തിന് വിരുദ്ധമാണെന്ന നിലപാടാണ് എല്‍.ഡി.എഫ് മുന്‍പ് സ്വീകരിച്ചത്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടാണ് ഇതെന്നും ആരോപിച്ചു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ നേട്ടമാണ് പദ്ധതിയെന്ന് അവകാശപ്പെടുന്നു. സ്‌മാര്‍ട്ട് സിറ്റി സംബന്ധിച്ച മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ തെറ്റാണ്. എന്തു കാരണത്താലാണ് പദ്ധതി ഇത്രയും കാലം വൈകിപ്പിച്ചതെന്ന് വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. കേരളമോചനയാത്രയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിന്റെ കരാറിനേക്കാള്‍ മെച്ചം യു.ഡി.എഫ് ഉണ്ടാക്കിയ കരാറാണെന്ന് ചാണ്ടി പറഞ്ഞു. ടീകോമിന് ഒരിഞ്ച് ഭൂമിപോലും വില്‍ക്കാന്‍ അനുവാദം നല്‍കാത്ത കരാറായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയത്. യു.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഒരു തര്‍ക്കവും ഉണ്ടാകില്ലായിരുന്നു. കരാറില്‍ മാറ്റംവരുത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post