പത്തനംതിട്ട: മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി വാട്ടര്‍ അതോറിറ്റി പമ്പയില്‍ സ്ഥാപിച്ച റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റും കിയോസ്‌കുകളും ശബരിമല തീര്‍ഥാടകര്‍ക്ക് ആശ്വാസമാകുന്നു. നാലു കിയോസ്‌കുകളിലൂടെ പ്രതിദിനം 24,000 ലിറ്റര്‍ ശുദ്ധജലം തീര്‍ഥാടകര്‍ക്ക് സൗജന്യമായി വിതരണം ചെയ്‌തുവരുന്നു. ദിവസേന 40000 ത്തോളം തീര്‍ഥാടകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.
പമ്പാനദിയിലെ വനമേഖലയില്‍ നിന്നും ശേഖരിക്കുന്ന ജലം വിവിധ തലത്തിലുള്ള അരിപ്പകളിലൂടെ അരിച്ച് റിവേഴ്‌സ് ഓസ്‌മോസിസ് പ്രക്രിയയിലൂടെ ശുദ്ധീകരിച്ചശേഷം അള്‍ട്ര വയലറ്റ് രശ്‌മികള്‍ കടത്തി പൂര്‍ണമായും അണുവിമുക്തമാക്കിയാണ് വിതരണം ചെയ്യുന്നത്. തിരക്ക് ഒഴിവാക്കുന്നതിനായി കൂടുതല്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. നിലവില്‍ പമ്പ ആഞ്‌ജനേയ ഓഡിറ്റോറിയത്തിന് സമീപമാണ് കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ജില്ലാ കളക്‌ടര്‍ എസ്.ഹരികിഷോര്‍ മുന്‍കൈയെടുത്തതിന്റെ അടിസ്ഥാനത്തില്‍ നാല് പ്ലാന്റുകള്‍ കൂടി സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്‌ടര്‍ അജിത് പാട്ടീല്‍ 24 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്ലാന്റുകള്‍ നിലവില്‍ വരുന്നതോടുകൂടി പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുന്നതിനും ഇതുവഴി ദിവസവും ഒരു ലക്ഷം പ്ലാസ്റ്റിക് കുപ്പികള്‍ ശബരിമലയില്‍ നിന്നും ഒഴിവാക്കുന്നതിനും സാധിക്കും. ഇതില്‍ മൂന്ന് പ്ലാന്റുകള്‍ കൂടി ഒരു മാസത്തിനുള്ളില്‍ സ്ഥാപിക്കും.
Discussion about this post