തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി മൂലം ജീവനോപാധി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള പ്രമാണ പരിശോധന ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ നടന്നു. ഇരുന്നൂറോളം അപേക്ഷകരുടെ പ്രമാണങ്ങള്‍ ഇന്നലെ പരിശോധിച്ചു. നഷ്ടപരിഹാരം തേടി പതിനെണ്ണായിരത്തോളം അപേക്ഷകളാണ് കളക്ടറേറ്റില്‍ ലഭിച്ചത്. അപേക്ഷകര്‍ മത്സ്യത്തൊഴിലാളികളാണോ, ആണെങ്കില്‍ ഏതു വിഭാഗത്തിലുള്ള തൊഴില്‍, പദ്ധതി മൂലം തൊഴില്‍ നഷ്ടപ്പെടുന്നുണ്ടോ എന്നീ വിവരങ്ങളാണ് പരിശോധിച്ചത്. അപേക്ഷകരുടെ റേഷന്‍ കാര്‍ഡ്, ക്ഷേമനിധി പാസ് ബുക്ക്, ആധാര്‍/ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പരിശോധിച്ചാണ് നഷ്ടപരിഹാരത്തിനുള്ള അര്‍ഹത നിര്‍ണയിക്കുന്നത്.
അപേക്ഷകരുടെ എണ്ണം കൂടുതലായതിനാല്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. അര്‍ഹരല്ലാത്തവര്‍ നഷ്ടപരിഹാരത്തുക കൈപ്പറ്റാതിരിക്കാന്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ നഷ്ടപരിഹാരത്തുക വിതരണം ചെയ്യുകയുള്ളൂ. അര്‍ഹരായ എല്ലാവര്‍ക്കും നഷ്ടപരിഹാരം ലഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
Discussion about this post