തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ജില്ലകളില്‍ ഡിസംബര്‍ 29 ന് നടത്തിയ പരിശോധനകളില്‍ വൃത്തിഹീനമായ സാഹചര്യത്തിലും പരിസര ശുചിത്വമില്ലാതെയും രജിസ്‌ട്രേഷന്‍ ഇല്ലാതെയും പ്രവര്‍ത്തിച്ച 90 സ്ഥാപനങ്ങള്‍ക്ക് പിഴയായി ഒരുലക്ഷത്തി എണ്‍പതിനായിരം രൂപ ചുമത്തിയതായി ഭക്ഷ്യ സുരക്ഷാ കമീഷണര്‍ അറിയിച്ചു. കൂടാതെ ഈ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ശുചിത്വ നിലവാരം ഉറപ്പാക്കുന്നതിനും നോട്ടീസ് നല്‍കിയിട്ടുള്ളതായും കമീഷണര്‍ അറിയിച്ചു. പരിശോധനയില്‍ ഭക്ഷ്യവിഷബാധ ഉണ്ടാകന്‍ സാധ്യതയുള്ള കൊല്ലത്തെ ജില്ല ആശുപത്രിക്കു സമീപം പ്രവര്‍ത്തിച്ചുവന്നിരുന്ന രാജുവിന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയും കൊല്ലം കടപ്പാക്കട റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന കൈരളി ലഞ്ച് ഹോം എന്ന സ്ഥാപനത്തിന്റെയും കോഴിക്കോട് പന്തീരംകാവിലുള്ള ബൈപ്പാസ് തട്ടുകടയുടെയും പ്രവര്‍ത്തനം നിര്‍ത്തിവപ്പിച്ചതായും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പറഞ്ഞു. രാത്രികാല പരിശോധനകള്‍ ഇടവിട്ടുള്ള ദിവസങ്ങളില്‍ നടത്തുന്നതിന് എല്ലാ ജില്ലാ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമീഷണര്‍മാര്‍ക്കും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വ്യക്തി ശുചിത്വമില്ലാതെയും പഴകിയതും പൊട്ടിപ്പൊളിഞ്ഞതുമായ പാത്രങ്ങള്‍ ഉപയോഗിച്ചും പരിസര ശുചിത്വം ഇല്ലാതെയും ദുര്‍ഗന്ധം വമിക്കുന്ന സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ വിവരം ശേഖരിക്കാന്‍ അതത് ജില്ലാ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും കമീഷണര്‍ അറിയിച്ചു
Discussion about this post