ശബരിമല: മകരവിളക്കിന് മഹോത്സവത്തിന് മുന്നോടിയായുള്ള വിവിധ ശുദ്ധിക്രിയകള്‍ ജനുവരി 13 നും 14 നും സന്നിധാനത്ത് നടത്തും. 13 ന് വൈകീട്ട് പ്രാസാദശുദ്ധി, രാക്ഷോഘ്‌നഹോമം, വാസ്തുഹോമം, വാസ്തുബലി, വാസ്തുകലശം, അസ്ത്രകലശം, വാസ്തുപുണ്യാഹം, അത്താഴപൂജ എന്നിവ കഴിഞ്ഞ് ഹരിവരാസനം പാടി നടയടയ്ക്കും.
14 ന് രാവിലെ ബിംബശുദ്ധിക്രിയകള്‍ ആരംഭിക്കും. ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, 25 കലശം എന്നിവ ഉണ്ടായിരിക്കും. മകരവിളക്ക് ദിവസമായ മകരം ഒന്നിന് (ജനുവരി 15) വെളുപ്പിന് ഒരു മണിക്ക് നടതുറക്കും. തുടര്‍ന്ന് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായ തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യും. തുടര്‍ന്ന് 1.27 ന് മകരസംക്രമ പൂജ നടത്തി രണ്ട് മണിക്ക് നടയടയ്ക്കും. തുടര്‍ന്ന് പതിവ് പോലെ മൂന്ന് മണിക്ക് നടതുറക്കും.
മകരവിളക്ക് ദിവസം മുതല്‍ ജനുവരി 19 വരെ തുടര്‍ച്ചയായി അഞ്ചുദിവസം എഴുന്നെള്ളത്ത് നടത്തും. മാളികപ്പുറത്തമ്മയെ ആനപ്പുറത്തേറ്റി പതിനെട്ടാംപടിയുടെ മുന്‍വശത്തുകൂടി ഒരു പ്രദക്ഷിണം വച്ച് തിരികെ മാളികപ്പുറത്തേക്ക് പോകും. അഞ്ചാം ദിവസമായ ജനുവരി 19 ന് മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളത്ത് ശരംകുത്തിവരെ നീളും. തുടര്‍ന്ന് രാത്രി തിരിച്ചെത്തും. എന്നും സന്ധ്യദീപാരാധനയ്ക്ക് ശേഷമായിരിക്കും എഴുന്നെള്ളത്ത് നടക്കുക. 20 ന് രാത്രി 10 മണിക്കാണ് മാളികപ്പുറത്ത് ഗുരുതിപൂജ. അയ്യപ്പഭക്തന്മാരുടെ ദര്‍ശനം അന്ന് രാത്രി 10 മണിക്ക് അവസാനിക്കും. നെയ്യഭിഷേകം 19 ന് രാവിലെ 9.30 വരെ മാത്രമേ ഉണ്ടാകൂ. 21 ന് രാവിലെ പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തോടെ നടയടയ്ക്കും. അതോടെ രണ്ട് മാസക്കാലത്തെ ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് സമാപനമാകും.
Discussion about this post