തിരുവനന്തപുരം: വികസനത്തിന്റെയും പുരോഗതിയുടെയും പേരില്‍ അവശേഷിക്കുന്ന തണ്ണീര്‍തടങ്ങള്‍ കൂടി നശിപ്പിക്കാനുള്ള നീക്കം ജനകീയ പ്രക്ഷോഭങ്ങളിലൂടെ പ്രതിരോധിക്കണമെന്ന് മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍.
ലോക തണ്ണീര്‍തട ദിനാചരണത്തിന്റെ ഭാഗമായി പട്ടം ശാസ്ത്രഭവനില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ പേരില്‍ പരിസ്ഥിതിയെ സമ്പൂര്‍ണമായി തകര്‍ക്കുകയെന്ന നയമാണ് ഇന്നനുഭവിക്കുന്ന കാലാവസ്ഥാ മാറ്റത്തിനടക്കം കാരണം. ടൂറിസത്തിന്റെയും വികസനത്തിന്റെയും പേരില്‍ നശിപ്പിക്കുന്ന ഭീകരാവസ്ഥയില്‍ നിന്ന് തണ്ണീര്‍തടങ്ങളെ മോചിപ്പിക്കണം. ഇതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടലുകള്‍ ഉണ്ടാകണം. തണ്ണീര്‍തടങ്ങളുടെ സംരക്ഷണത്തിനായി നിയമനിര്‍മാണം നടത്തുന്നതിന് കരട് തയാറാക്കിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളില്‍പെട്ട് നിയമം വന്നില്ല. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ തണ്ണീര്‍തട നിയന്ത്രണ ചട്ടങ്ങള്‍ കൊണ്ടുവന്നത്. ഇത് പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ തണ്ണീര്‍തടങ്ങളെ സംരക്ഷിക്കണം. സംസ്ഥാന വിഷയമായ ജലവുമായി ബന്ധപ്പെട്ട് കേന്ദ്രം നിയമം കൊണ്ടുവന്നതില്‍ കേരളത്തിന് എതിര്‍പ്പുണ്ടെങ്കിലും പ്രതിഷേധവുമായി മാറിനില്‍ക്കാതെ ലഭ്യമായ സാഹചര്യം അനുകൂലമാക്കണം. അന്തര്‍ദേശിയ പ്രാധാന്യമുള്ള വേമ്പനാട് കോള്‍, അഷ്മുടി, ശാസ്താംകോട്ട എന്നീ തണ്ണീര്‍തടങ്ങളടക്കം നാശത്തിലാണ്. ഇതിന് പുറമെ മറ്റ് തണ്ണീര്‍തടങ്ങളും സംരക്ഷിക്കപ്പെടണം. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന് ഇതിന് കഴിയും. വനസംരക്ഷണ നിയമത്തിന് സമാനമായ നിയമമാണ് ഇതെന്നും മന്ത്രി പറഞ്ഞു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ.സി.ടി.എസ്.നായര്‍ അദ്ധ്യക്ഷത വഹിച്ചു.
Discussion about this post