തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ വിതുര അടിപറമ്പിലെ സ്ഥിരം ക്യാമ്പസിന്റെ ഒന്നാം ഘട്ടം കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി സുബിന്‍ ഇറാനി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ നാടിന് സമര്‍പ്പിച്ചു.
ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതിക്ക് അനുസൃതമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നിര്‍വഹിച്ച മുഖ്യമന്ത്രി പറഞ്ഞു. ഐസര്‍ സ്ഥാപിക്കുന്നതിന് ഇരുനൂറ് ഏക്കര്‍ സ്ഥലം നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ ഭാവിവികസനത്തിനും പൂര്‍ണ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.
ക്യാമ്പ് പ്രോഗ്രാമിന്റെ ഭാഗമായി വിദേശത്തുനിന്നുള്ള വിദഗ്ദ്ധരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന് ഐസറിന് അനുമതി നല്കിയിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അറിയിച്ചു. ഓസ്ട്രിയ, ഇംഗ്‌ളണ്ട്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്ന് ഒന്ന് വീതവും അമേരിക്കയില്‍ നിന്ന് രണ്ടും ഫാക്കല്‍റ്റി അംഗങ്ങളാണ് ക്യാമ്പ് പ്രോഗ്രാമിന്റെ ഭാഗമായി ഐസറിലെത്തുക. ഇവരുടെ ആദ്യ സംഘം ഈ വര്‍ഷം ജൂണില്‍ ഐസറിലെത്തും. ശാസ്ത്ര സാങ്കേതിക രംഗത്തെ പഠന ഗവേഷണ ഫലങ്ങള്‍ സമൂഹത്തിലേക്ക് എത്തിച്ചേരുന്നുവെന്ന് ഗവേഷകര്‍ ഉറപ്പുവരുത്തണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
ഡോ. എ. സമ്പത്ത് എം. പി, കെ. എസ് ശബരീനാഥന്‍ എം. എല്‍.എ, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്. എല്‍ കൃഷ്ണകുമാരി, മാവന വിഭവശേഷി വികസന വകുപ്പിലെ സെക്രട്ടറി വിനയ് ഷീല്‍ ഒബ്‌റോയ്, ഐസര്‍ ഡയറക്ടര്‍ പ്രൊഫ. വി. രാമകൃഷ്ണന്‍, ബോര്‍ഡ് ഓഫ് ഗവര്‍ണ്ണേഴ്‌സ് ചെയര്‍പേഴ്‌സണ്‍ ഡോ. ടെസി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. കെമിക്കല്‍ സയന്‍സ് ബ്‌ളോക്ക്, കാന്റീന്‍ കെട്ടിടം, അഗസ്ത്യ, പൊന്മുടി ഹോസ്റ്റല്‍ ബ്‌ളോക്കുകള്‍ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
Discussion about this post