ശബരിമല: ഭക്തജനലക്ഷങ്ങള്‍ ദര്‍ശന സായൂജ്യം നേടി മലയിറങ്ങുമ്പോള്‍ തീര്‍ഥാടന വീഥികളില്‍ യഥാസമയം ശുചീകരണം നടത്തി ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി (എസ്.എസ്.എസ്) മാതൃകയായി. ഈ തീര്‍ഥാടന കാലയളവില്‍ ഇതുവരെ 622 ടണ്‍ മാലിന്യം എസ്.എസ്.എസ് നീക്കം ചെയ്തു. അയ്യപ്പസേവാ സംഘം തമിഴ്നാട് സമിതിയുടെ നേതൃത്വത്തിലുള്ള 800 പേരാണ് തീര്‍ഥാടന സീസണില്‍ സന്നിധാനത്തും പരിസരങ്ങളിലും ശുചീകരണം നടത്തിയത്.
300 പേര് സന്നിധാനത്തും 315 പേര് പമ്പയിലും 150 പേര് നിലയ്ക്കലിലും 25 പേര് പന്തളത്തും 10 പേര് കുളനടയിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. സന്നിധാനത്ത് 11 കേന്ദ്രങ്ങളിലും പമ്പയില്‍ ഒന്‍പത് കേന്ദ്രങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തിയാണ് ശുചീകരണം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഒരു സംഘവും വൈകിട്ട് ആറു മുതല്‍ രാവിലെ ആറുവരെ മറ്റൊരു സംഘവുമാണ് ശുചീകരണം നടത്തുന്നത്. ശേഖരിക്കുന്ന മാലിന്യം യഥാസമയം ട്രാക്ടറുകളില്‍ ഇന്സിനറേറ്ററുകളിലെത്തിച്ച് സംസ്കരിക്കുന്നു. പമ്പയിലും സന്നിധാനത്തും മൂന്നുവീതവും നിലയ്ക്കലില്‍ രണ്ടും സ്വാമി അയ്യപ്പന് റോഡില്‍ ഒന്നും ട്രാക്ടറുകള്‍ മാലിന്യം നീക്കം ചെയ്യുന്നുണ്ട്. സേവന സന്നദ്ധതയോടെ വിദ്യാര്‍ഥികളുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരാണ് ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണത്തിനായി അണിനിരക്കുന്നതെന്ന് സൊസൈറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു.
ശുചീകരണത്തിനെത്തുന്നവര്ക്ക് യാത്രക്കൂലിയും ഭക്ഷണവും താമസ സൗകര്യവും സൊസൈറ്റി നല്‍കുന്നുണ്ട്. ശബരിമല പൂങ്കാവനം ശുചീകരിക്കുന്നത് അയ്യപ്പന് അര്‍ച്ചന നടത്തുന്നതിന് സമമാണെന്ന വിശ്വാസത്തിലാണ് വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ശബരിമലയില്‍ ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ണമാവും.
ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, അടൂര്‍ ആര്‍ഡിഒ ആര്.രഘു, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സൊസൈറ്റിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നു. എന്‍.എസ്.എസ്, എന്‍.സി.സി, നെഹ്റു യുവകേന്ദ്ര, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെ പ്ലാസ്റ്റിക് ബോധവത്ക്കരണ പ്രചാരണത്തിന് എസ്.എസ്.എസ് നേതൃത്വം നല്കുന്നു
Discussion about this post