തിരുവനന്തപുരം: ദേശീയ ജനസംഖ്യാ പുതുക്കല്‍ ഡ്യൂട്ടിക്ക് നിയമന ഉത്തരവ് ലഭിച്ചിട്ടും പരിശീലനത്തിന് ഹാജരാകാത്ത ജീവനക്കാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കണമെന്ന് വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കിയെന്ന കാരണത്താല്‍ ഉത്തരവ് കൈപ്പറ്റാതിരിക്കുകയും പരിശീലനത്തിന് ഹാജരാകാതിരിക്കുകയും മെറ്റീരിയല്‍സ് കൈപ്പറ്റാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കും.
ജില്ലയിലെ അപ്‌ഡേഷന്‍ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനായി കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരം ജില്ല ഏറെ പുറകിലാണ് എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. ഫെബ്രുവരി ആദ്യ ആഴ്ചയോടു കൂടി അപ്‌ഡേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്നും യാതൊരു കാരണവശാലും തീയതി നീട്ടി നല്‍കുന്നതല്ലെന്നും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ, ഗവണ്‍മെന്റ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കിയ സാഹചര്യത്തിലാണ് കളക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്. ജനസംഖ്യാ പുതുക്കലുമായി ബന്ധപ്പെട്ട ജോലിയില്‍നിന്നും ഒഴിവാക്കണമെന്ന് കത്ത് നല്‍കുന്ന ഓഫീസ് മേലധികാരികള്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു.
Discussion about this post