തിരുവനന്തപുരം: പതിമുന്നാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ 9ന് ഗവര്‍ണര്‍ പി.സദാശിവം നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചയുടനെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചു. നയപ്രഖ്യാപനത്തോട് സഹകരിക്കണമെന്ന് ഗവര്‍ണര്‍ വി.എസിനോട് ആവശ്യപ്പെട്ടു. എന്നിട്ടും പ്രതിഷേധം തുടര്‍ന്നപ്പോള്‍ ”ഇതേ അവസ്ഥ നിങ്ങള്‍ക്കും ഉണ്ടാകാം. ഭരണഘടനാ ബാധ്യതയുള്ളതിനാല്‍ എനിക്ക് നയപ്രഖ്യാപനം നടത്തിയേ തീരു. സഹകരിക്കുക ഇല്ലെങ്കില്‍ സഭയ്ക്കു പുറത്തുപോകുക. ഭരണഘടന വായിക്കൂ, ഇല്ലെങ്കില്‍ പുറത്തേക്കു പോകൂ”. എന്നു ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിന്റെ സുവര്‍ണകാലഘട്ടമായിരുന്നെന്ന് ഗവര്‍ണര്‍ പി.സദാശിവം നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. കൊച്ചി മെട്രോ, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ എന്നിവ വിവിധഘട്ടങ്ങളിലാണ്. കണ്ണൂര്‍ വിമാനത്താവളം 50 ശതമാനം പൂര്‍ത്തിയായി. കേരളത്തിന്റെ ശരാശരി വളര്‍ച്ചാനിരക്ക് രാജ്യനിലവാരത്തെക്കാള്‍ മുന്നിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാണ് കേരളം. ഐടിയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം 18,000 കോടിയായി വര്‍ധിക്കും. കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
ഗണേഷ് കുമാര്‍ എംഎല്‍എയും പ്രതിപക്ഷത്തിനൊപ്പം പ്രതിഷേധത്തിലും ധര്‍ണയിലും പങ്കെടുത്തു.
Discussion about this post