തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ ശക്തിയുളള സംസ്ഥാനമാണ് കേരളമെന്നും,നൈപുണ്യ വികസനത്തിലൂടെ ഈ ആനുകൂല ഘടകത്തെ വ്യവസായ മേഖലയ്ക്കും ആഗോള ആവശ്യകതയ്ക്കും അനുസൃതമായി മാറ്റിയെടുക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. തിരുവനന്തപുരത്ത് നൈപുണ്യം- 2016 ന്റെ ഭാഗമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്‌മെന്റ്ആന്റ് ട്രെയിനിംഗ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് എന്നിവയുടെ നേത്യത്വത്തിലുളള നൈപുണ്യം ഇത്തരത്തിലുളള ചുവടുവയ്പ്പാണ്. വൈദഗ്ദ്ധ്യവും അറിവും സാമൂഹ്യ സാമ്പത്തിക വികസനത്തിനുളള പ്രചോദനങ്ങളാണ്. പുത്തന്‍ സമ്പ്രദായങ്ങളിലൂടെ ചെറുപ്പക്കാരുടെ തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേരളം രാജ്യത്തിന് മാത്യകയാണ്. ബ്ലൂ കോളര്‍ ജോലിയോടുളള നമ്മുടെ മനോഭാവം മാറണം. ഇന്ത്യയിലെ തൊഴിലാളികളില്‍ 2.3 ശതമാനമാനത്തിന് മാത്രമേ ഔപചാരിക നൈപുണ്യ വികസനത്തിന് അവസരം ലഭിക്കുന്നുളളു. ദക്ഷിണകൊറിയയില്‍ 96 ശതമാനത്തിനും, ജപ്പാനില്‍ 80 ശതമാനം തൊഴിലാളികള്‍ക്കും നൈപുണ്യവികസനത്തിന് അവസരം ലഭിക്കുന്നുണ്ട്. ജനസംഖ്യയില്‍ അമ്പത്തിനാല് ശതമാനം 25 വയസിന് താഴെയുളളവരായ ഇന്ത്യയില്‍ ഈ സ്ഥിതിയ്ക്ക് മാറ്റം വന്നാല്‍ മാത്രമെ ജനസംഖ്യാപരമായ മേല്‍കൈ നമ്മുക്ക് പ്രയോജനപ്പെടുത്താനാവു എന്നും ഗവര്‍ണര്‍ പറഞ്ഞു.
അഞ്ച് വര്‍ഷം മുന്‍പ് നൈപുണ്യ വികസന രംഗത്ത് മുന്‍ മാത്യകകളില്ലാതെ പ്രവര്‍ത്തനം തുടങ്ങിയ കേരളം ഇന്ന് ഈ മേഖലയില്‍ മറ്റേത് സംസ്ഥാനത്തിനും മാത്യകയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. റോബോട്ടിക്‌സ് പോലെയുളള മേഖലകളില്‍ ലോകത്ത് വിദഗ്ധ തൊഴിലാളികളുടെ വലിയ അപര്യാപ്തതയുണ്ട്. ഈ മേഖലകളില്‍ എത്തിപ്പെടുവാന്‍ യുവാക്കളെ സജ്ജമാക്കുകയാണ്. നൈപുണ്യ വികസനത്തിലൂടെ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
അഡീഷണണ്‍ ചീഫ് സെക്രട്ടറി ടോം ജോസ് ,സ്‌കില്‍ ആന്റ് എന്റപ്രണര്‍ഷിപ്പ് മന്ത്രാലയ ജോയിന്റ് സെക്രട്ടറി രാജേഷ് അഗര്‍വാള്‍,അഡീഷണല്‍ സ്‌കില്‍ അക്യുസിഷന്‍ പ്രോഗ്രാം സി.ഇ.ഒ.ഡോ:എം.ഡി റെജു , നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സി.ഇ.ഒ ജയന്ത്ക്യഷ്ണ .കെയ്‌സ് എം.ഡി രാഹുല്‍.ആര്‍ .വെസ്റ്റ്‌നോട്ടിംഹാംഷെയര്‍ കോളേജ് ഗ്രൂപ്പ്ചീഫ് എക്‌സിക്യൂട്ടിവ് ആശാ ഖേംഖ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post