മുംബൈ: കടക്കെണിയെത്തുടര്‍ന്ന് പ്രതിസന്ധിയില്‍ പെട്ട പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ജനവരി മാസത്തെ ശമ്പളം കൊടുക്കാനായി 600 കോടി രൂപ കടമെടുക്കുന്നു. 31,000ത്തിലേറെ വരുന്ന ജീവനക്കാര്‍ക്കുള്ള ജനവരി മാസത്തെ ശമ്പളം ഇതുവരെ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതെത്തുടര്‍ന്ന് വ്യാഴാഴ്ച എയര്‍ ഇന്ത്യയിലെ പൈലറ്റുമാരുടെ യൂണിയന്‍ സമരം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ശമ്പളം കൊടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്നുമാവും വായ്പ എടുക്കുക. ബാങ്കുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. ഇന്നു തന്നെ ശമ്പളം കൊടുത്തു തുടങ്ങുമെന്ന് അറിയുന്നു.
കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്ന് നേരത്തെ എടുത്ത വായ്പ എയര്‍ ഇന്ത്യ ഇതിനോടകം അടച്ചുതീര്‍ത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ തുക അനുവദിക്കുന്നതെന്ന് ബാങ്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കമ്പനി ലാഭമുണ്ടാക്കാന്‍ തുടങ്ങിയതിനാല്‍ തിരിച്ചടവ് സംബന്ധിച്ച് ആശങ്കയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒരു വര്‍ഷമായി എയര്‍ ഇന്ത്യയില്‍ നിരന്തരം ശമ്പളം വൈകുന്നുണ്ട്. പ്രതിവര്‍ഷം ശമ്പള ഇനത്തില്‍ 3,000 കോടി രൂപയാണ് എയര്‍ ഇന്ത്യയ്ക്ക് ആവശ്യമായുള്ളത്. അതിനിടെ, കമ്പനി 6000 കോടി രൂപയുടെ സഹായം വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പയായിട്ടല്ല, ഓഹരി നിക്ഷേപമായാണ് ഇത് ആവശ്യപ്പെട്ടിട്ടുള്ളത്.
Discussion about this post