തിരുവനന്തപുരം: കെട്ടിടനിര്‍മ്മാണ അപേക്ഷകള്‍ പരിശോധിക്കുന്നതില്‍ കൂടുതല്‍ വ്യക്തതയും സുതാര്യതയും കാര്യക്ഷമതയും ഉണ്ടാകുന്നതിനായി സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കെട്ടിട നിര്‍മ്മാണ അപേക്ഷ രജിസ്റ്റര്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ക്യത്യമായി വിവരങ്ങള്‍ രേഖപ്പെടുത്തി പരിപാലിക്കേണ്ടതാണ്. അപേക്ഷ സംബന്ധമായ മുഴുവന്‍ വിവരങ്ങളും രജിസ്റ്ററിലെ ബന്ധപ്പെട്ട കോളങ്ങളില്‍ രേഖപ്പെടുത്തണം.
രേഖപ്പെടുത്തലുകള്‍ക്കിടയില്‍ ശൂന്യമായി ഇടുന്ന പേജുകളും വരികളും റദ്ദു ചെയ്ത് ആയത് സെക്രട്ടറി സാക്ഷ്യപ്പെടുത്തേണ്ടതാണ്. കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ (പെര്‍മിറ്റ്/ക്രമവല്‍കരണം/ഒക്കുപ്പന്‍സി) ഫ്രണ്ട് ഓഫീസില്‍ അപേക്ഷാ ഫീസ് സഹിതം സ്വീകരിക്കേണ്ടതും, ഫ്രണ്ട് ഓഫീസില്‍ നല്‍കുന്ന കറണ്ട് നമ്പറിന്റെ ക്രമത്തില്‍ തന്നെ പെര്‍മിറ്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതും തുടര്‍നടപടി സ്വീകരിക്കേണ്ടതുമാണ്. ഫ്രണ്ട് ഓഫീസില്‍ നിന്നു നല്‍കുന്ന കറണ്ട് നമ്പറിന്റെ അടിസ്ഥാനത്തില്‍ കെട്ടിടനിര്‍മ്മാണ ഫയലിന് നമ്പര്‍ നല്‍കണം. കെട്ടിട നിര്‍മ്മാണ അപേക്ഷാ ഫയലില്‍ നോട്ട് ഭാഗവും, കറസ്‌പോണ്ടന്‍സ് ഭാഗവും ഉണ്ടായിരിക്കണം. കുറിപ്പുകള്‍ അപേക്ഷയില്‍ തന്നെ എഴുതുന്ന രീതി പൂര്‍ണമായും ഒഴിവാക്കണം.ഫയല്‍ പേജുകള്‍ (വിനിമയങ്ങള്‍, നോട്ടീസുകള്‍, ഉത്തരവുകള്‍, നടപടിക്രമങ്ങള്‍ മുതലായവയടക്കം) ശരിയായ സമയക്രമത്തില്‍ റ്റാഗ് ചെയ്ത് ചേര്‍ക്കണം. അപേക്ഷകള്‍ നിലവിലുളള കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ക്കനുസൃതമായി സൂക്ഷ്മ പരിശോധന നടത്തേണ്ടതും, എഞ്ചിനീയറിംഗ് വിഭാഗം തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍, പ്ലോട്ടിന്റെ സര്‍വ്വേ നമ്പര്‍, വിസ്തീര്‍ണം, വില്ലേജ് എന്നിവയും കെട്ടിടത്തിന്റെ കൈവശഗണം/ഉപയോഗം, വിസ്തീര്‍ണം, എഫ്.എ. ആര്‍, നിലകളുടെ എണ്ണം, കവറേജ്, പാര്‍ക്കിംഗ്, മുതലായ വിവരങ്ങള്‍, നിര്‍ദ്ദിഷ്ട നിര്‍മ്മാണം കെട്ടിട നിര്‍മ്മാണ നിയമങ്ങളും മറ്റനുബന്ധ നിയമങ്ങളും പാലിക്കുന്നുണ്ടോയെന്നുളള വിശദമായ അഭിപ്രായം എന്നിവ ഉള്‍പ്പെടുത്തേണ്ടതുമാണ്. പ്രസ്തുത റിപ്പോര്‍ട്ടില്‍ സ്ഥലപരിശോധന നടത്തി അളവുകളും അതിരുകളും തിട്ടപ്പെടുത്തുന്നത്, സ്ഥലത്തിന്റെ പേര്, വാര്‍ഡ് നമ്പര്‍, സര്‍വ്വെ/റീസര്‍വ്വേ നമ്പര്‍, വിസ്ത്യതി, വഴിയുടെ വീതി സ്ഥലത്തിന്റെ തരം, ചുറ്റുവട്ടത്തിന്റെ വികസനം, പെര്‍മിറ്റ് ഫീസ് സംബന്ധമായ കണക്കാക്കലുകള്‍, പെര്‍മിറ്റ് അനുവദിക്കുന്നതു സംബന്ധിച്ച ക്യത്യമായ ശുപാര്‍ശമുതലായവയും ഉള്‍പ്പെടുത്തേണ്ടതാണ്. നിര്‍മ്മാണത്തിന് പെര്‍മിറ്റ് അനുവദിക്കാവുന്ന പക്ഷം പെര്‍മിറ്റ് ഫീസ്/കോമ്പൗണ്ടിംഗ് ഫീസ് സംബന്ധമായ കണക്കാക്കലുകള്‍ നോട്ടില്‍ വ്യക്തമാക്കേണ്ടതും പെര്‍മിറ്റ് നിരസിക്കുന്നപക്ഷം വ്യക്തമായ കാരണങ്ങള്‍ നോട്ടില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ഫയലിലിലെ എല്ലാ കുറിപ്പുകളുടേയും സാക്ഷ്യപ്പെടുത്തലുകളുടെയും ഉത്തരവുകളുടെയും ഒപ്പം ബന്ധപ്പെട്ട ഉദ്ധ്യോഗസ്ഥന്റെ പേര്, തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ് . സാങ്കേതിക വിഭാഗത്തിന്റെയും ബന്ധപ്പെട്ട സെക്ഷനിലെയും പരിശോധനയ്ക്കു ശേഷം അനുമതി നല്‍കാവുന്നതാണെങ്കില്‍ പെര്‍മിറ്റ് ഫീസ് അടയ്ക്കുന്നതിന് അപേക്ഷകനു നിര്‍ദ്ദേശം നല്‍കുന്നതിനു അധികാരി ഉത്തരവുനല്‍കണം. അനുവദിക്കപ്പെട്ട പെര്‍മിറ്റ് പ്രകാരം നീട്ടുന്നതിനോ (എക്സ്റ്റന്‍ഷന്‍) പുതുക്കുന്നതിനോ (റിന്യൂവല്‍) അപേക്ഷ കാലേക്കൂട്ടി സമര്‍പ്പിക്കപ്പെടുന്നുവെന്നും സമയപരിധിക്കുളളില്‍ തന്നെ നീട്ടിയ/ പുതുക്കിയ പെര്‍മിറ്റ് അനുവദിക്കപ്പെടുന്നുവെന്നും സെക്രട്ടറി ഉറപ്പാക്കേണ്ടതാണ്. അനുവദിക്കപ്പെട്ട പ്ലാനിലെ അംഗികൃത പ്ലാനില്‍ എന്തെങ്കിലും വ്യതിയാനം ഉണ്ടെങ്കില്‍ പുതിയ പെര്‍മിറ്റാണ് നല്‍കേണ്ടത്. പെര്‍മിറ്റ് നീട്ടികൊടുക്കുകയൊ പുതുക്കുകയോ ചെയ്യാവുന്നതല്ല. ഒരേ സ്ഥാനത്ത് സാധുവായ രണ്ടു പെര്‍മിറ്റുകള്‍ ഒരേ സമയം ഉണ്ടാവാന്‍ പാടുളളതല്ല. ആവശ്യമുളളപക്ഷം പെര്‍മിറ്റ് സറണ്ടര്‍ ചെയ്ത ശേഷം ആയത് പെര്‍മിറ്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം മാത്രമേ പുതിയ പെര്‍മിറ്റ് നല്‍കാവൂ.
നിര്‍മ്മാണം പരിശോധിച്ച് ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് സെക്രട്ടറി അപേക്ഷകന് നല്‍കേണ്ടതാണ്. തുടര്‍ന്ന് കെട്ടിടനമ്പര്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണം. കെട്ടിടത്തില്‍ പ്രവര്‍ത്തന ലൈസന്‍സ് നല്‍കുന്ന അവസരത്തില്‍ വിനിയോഗ മാറ്റം ഉളള പക്ഷം കെട്ടിടം വിനിയോഗമാറ്റത്തിന് ചട്ടപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അനധിക്യത നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി നടപടികള്‍ സ്വികരിക്കേണ്ടതാണ്. എല്ലാ മാസവും നിശ്ചിത ദിവസം സെക്രട്ടറിയൊ ചുമതലപ്പെടുത്തിയ മറ്റ് ഉദ്ദ്യോഗസ്ഥനോ രജിസ്റ്റര്‍ പരിശോധിക്കേണ്ടതും വിവരങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും രജിസ്റ്ററിലെ ക്രമപ്രകാരം അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നുണ്ട് എന്നും ഉറപ്പു വരുത്തേണ്ടതുമാണ്. പരിശോധിച്ച വിവരം തീയതി വച്ച് രജിസ്റ്ററില്‍ സാക്ഷ്യപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post