തിരുവനന്തപുരം: കരമന-കളിയിക്കാവിള റോഡ് വികസനത്തിന്റെ ഭാഗമായി ബാലരാമപുരം-വഴിമുക്ക് മേഖലയില്‍ ഭൂമി ഏറ്റെടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ജില്ലാതല വിലനിര്‍ണയ കമ്മിറ്റി (ഡി.എല്‍.പി.സി) നിര്‍ണയിച്ചു. ഇത് സംസ്ഥാനതല ഉന്നതാധികാര സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.
എ വിഭാഗത്തിന് സെന്റിന് 14.50 ലക്ഷം രൂപയും ബി വിഭാഗത്തിന് 13.25 ലക്ഷവും സി വിഭാഗത്തിന് 11 ലക്ഷവും ഡി വിഭാഗത്തിന് ഒന്‍പത് ലക്ഷവുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ബാലരാമപുരം മുതല്‍ വഴിമുക്ക് വരെയുള്ള ഭാഗത്ത് ബാലരാമപുരം ജംഗ്ഷന്റെ ഇരുവശത്തും 200 മീറ്റര്‍ദൂരം വരെ എ വിഭാഗത്തിലും, അതുകഴിഞ്ഞുള്ള 400 മീറ്റര്‍വരെ ബി വിഭാഗത്തിലും, പഴയരാജപാതയുടെ ഇരുവശവും ഡി വിഭാഗത്തിലും, അതുകഴിഞ്ഞുള്ള ഭാഗം സി വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി ഒന്‍പതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ ഡി.എല്‍.പി.സി യോഗം എ വിഭാഗത്തിന് സെന്റൊന്നിന് 14.50 ലക്ഷംരൂപ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഭൂവുടമകള്‍ 15 ലക്ഷംരൂപയ്ക്കാണ് സമ്മതപത്രം നല്‍കിയിട്ടുള്ളത്. ബാലരാമപുരം ജംഗ്ഷനില്‍ നിന്നും 200 മീറ്റര്‍കഴിഞ്ഞുള്ള വസ്തുക്കള്‍ക്ക് പ്രാവച്ചമ്പലം -ബാലരാമപുരം ഭാഗത്ത് ഇതേദൂരത്തിലുള്ള വസ്തുക്കള്‍ക്ക് നേരത്തെ നല്‍കിയ വിലയായ സെന്റൊന്നിന് 13.25 ലക്ഷംരൂപ ബി വിഭാഗത്തിന് ശുപാര്‍ശചെയ്യാനും തീരുമാനിച്ചു. .
സി, ഡി വിഭാഗങ്ങളുടെ വില, തര്‍ക്കം കാരണം അന്ന് തീരുമാനിച്ചിരുന്നില്ല. പിന്നീട് ഭൂവുടമാ പ്രതിനിധികളുമായി വീണ്ടും നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. ഇതേതുടര്‍ന്ന് ഡി.എല്‍.പി.സി അംഗങ്ങള്‍ ഇന്നലെ (ഫെബ്രുവരി 29) യോഗം ചേര്‍ന്ന്, സി വിഭാഗത്തിന് സെന്റ് ഒന്നിന് 11 ലക്ഷം രൂപയും ഡി വിഭാഗത്തിന് ഒന്‍പത് ലക്ഷംരൂപയും സംസ്ഥാനതല ഉന്നതാധികാര സമിതിക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അന്തിമതീരുമാനം ഉന്നതാധികാര സമിതി കൈകൊള്ളും. മേല്‍പറഞ്ഞ ഭൂമിവില അംഗീകരിക്കുന്നവര്‍ സമ്മതപത്രം ഒരാഴ്ചയ്ക്കകം കളക്ടറേറ്റിലെ പൊന്നുംവില ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രാവച്ചമ്പലം-ബാലരാമപുരം മേഖലയിലെ 92 ശതമാനം ഭൂവുടമകളും സമ്മതപത്രം നല്‍കിയിട്ടുണ്ട്.
ഈ മേഖലയിലെ ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരവിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് ഒന്ന്) കരമന-പ്രാവച്ചമ്പലം പാതയുടെ ഉദ്ഘാടനചടങ്ങില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെ ഭൂമി ഏറ്റെടുക്കാന്‍ 266 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്
Discussion about this post