തിരുവനന്തപുരം: കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഉയര്‍ന്ന മേഖലകളിലെ പൈപ്പുകളില്‍ ടാങ്കറില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഇത്തരത്തില്‍ പൈപ്പ് ലൈനില്‍ ടാങ്കറില്‍ നിന്ന് കണക്ഷന്‍ നല്‍കി പമ്പ് ചെയ്യുന്നതിനാല്‍ നിശ്ചിത സമയം മേഖലയിലെ വീടുകളില്‍ വെള്ളമെത്തുമെന്നും അദ്ദേഹം പറഞ്ഞു. വേനല്‍ക്കാലത്ത് വരള്‍ച്ചയും കുടിവെള്ളക്ഷാമവും പരിഹരിക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും സംയുക്തയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ പൈപ്പ് കട്ട് ചെയ്തു ടാങ്കറില്‍നിന്ന് ജലം പമ്പ് ചെയ്യുന്നത്. വിജയകരമായ കൂടുതല്‍ ഉയര്‍ന്ന മേഖലകളില്‍ നടപ്പാക്കും. കൂടാതെ, തദ്ദേശസ്ഥാപനങ്ങളുടെയും വില്ലേജ്, തഹസില്‍ദാര്‍മാരുടേയും ജനപ്രതിനിധികളുടേയും റിപ്പോര്‍ട്ടുകളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച് ജലക്ഷാമമുള്ള മേഖലകളില്‍ ടാങ്കറില്‍ വെള്ളമെത്തിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരും, സെക്രട്ടറിമാരും മറ്റും കൃത്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ഇതിനായി റിപ്പോര്‍ട്ട് കഴിവതും വേഗം നല്‍കണം.
ജല അതോറിറ്റിയുടെ കണക്ഷനുകള്‍ക്കും ഇന്റര്‍സെക്ഷനുകള്‍ക്കുമായി അടിയന്തര റോഡ് കട്ടിംഗുകള്‍ക്ക് അനുമതി നല്‍കും. അത്യാവശ്യമുള്ള സ്ഥലങ്ങളില്‍ റോഡ് കട്ടിംഗ് സംബന്ധിച്ച തടസ്സങ്ങള്‍ മാറ്റാന്‍ പ്രത്യേക അനുമതി നല്‍കും. ഇതിനുപുറമേ, ജലക്ഷാമമുള്ള മേഖലകളില്‍ പൈപ്പ് ലൈനുകളില്‍ ബൂസ്റ്റ് ചെയ്ത് പമ്പ് ചെയ്തും ജലലഭ്യത ഉറപ്പാക്കുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. വിവിധ തദ്ദേശസ്ഥാപനപ്രതിനിധികള്‍ തങ്ങളുടെ മേഖലയിലെ ജലപ്രശ്‌നങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഇവ പരിഹരിക്കാന്‍ പറ്റാവുന്ന കാര്യങ്ങള്‍ അടിയന്തിരമായി ചെയ്യാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ വിലയിരുത്താന്‍ അടുത്ത അവലോകനയോഗം ഏപ്രില്‍ ഒന്നിന് കളക്ടറേറ്റില്‍ ചേരുമെന്നും കളക്ടര്‍ അറിയിച്ചു.
യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) വിജയകുമാര്‍, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post