തിരുവനന്തപുരം: കുട്ടികളുമായി ബസ്സില്‍ കയറുന്ന സ്ത്രീകള്‍ക്ക് സീറ്റ് സംവരണം ചെയ്തിട്ടുളള കാര്യം ബസ്സില്‍ പ്രത്യേകം രേഖപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇത്തരം സീറ്റുകള്‍ അവര്‍ക്കായി നീക്കിവെയ്ക്കണമെന്ന് വ്യക്തമാക്കി ഗതാഗത കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കമ്മീഷന്‍ അംഗം ശ്രീ കെ. നസീര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്തീകള്‍ക്കും വികലാംഗര്‍ക്കും വൃദ്ധര്‍ക്കും ബസ്സുകളില്‍ സീറ്റ് സംവരണം ചെയ്തിട്ടുണ്ടെങ്കിലും കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഈ സൗകര്യം ലഭിക്കുന്നില്ലെന്നു കാട്ടി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ ഇമ്പിച്ചിക്കോയ.എന്‍.കെ കമ്മീഷന് നല്‍കിയ പരാതിയിലാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശത്തിന്‍മേല്‍ സ്വീകരിച്ച നടപടി 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. കുട്ടികളുമായി ബസ്സില്‍ കയറുന്ന സ്ത്രീകള്‍ക്ക് അഞ്ചു ശതമാനം സീറ്റ് സംവരണം ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടെന്ന് ഗതാഗത കമ്മീഷണര്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Discussion about this post