കൊച്ചി: ജിഷ വധക്കേസ് അന്വേഷണം ഇത്രയേറെ ഇഴഞ്ഞുനീങ്ങുന്നത് അമ്പരപ്പിക്കുന്നതാണെന്നു ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തിയില്ല. പല വശങ്ങളും പൊലീസ് പരിശോധിച്ചിട്ടില്ല. എന്നാല്‍, ഈ ഘട്ടത്തില്‍ മറ്റൊരന്വേഷണം ആവശ്യപ്പെടുന്നില്ല. രാജ്യത്തെ ഞെട്ടിച്ച സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ താല്‍പര്യമില്ല. തിരുവനന്തപുരത്തു ഡിജിപിയെ കണ്ട് അന്വേഷണ പുരോഗതി മനസിലാക്കും. നാളെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ അറിയിക്കും.
കേന്ദ്ര മന്ത്രി തവര്‍ചന്ദ് ഗെഹ്‌ലോട്, പട്ടികജാതി കമ്മിഷന്‍ അധ്യക്ഷന്‍ ഡോ. പി.എല്‍.പുനിയ, മന്ത്രി എ.പി.അനില്‍കുമാര്‍, എം.ബി.രാജേഷ് എംപി, പന്ന്യന്‍ രവീന്ദ്രന്‍, പി.പി.തങ്കച്ചന്‍, വി.മുരളീധരന്‍ തുടങ്ങിയവര്‍ ജിഷയുടെ അമ്മ രാജേശ്വരിയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ജിഷയുടെ കുടുംബത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രണ്ടു ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. അതേസമയം, രാജേശ്വരിയെ സന്ദര്‍ശിക്കുന്നതു കര്‍ശനമായി വിലക്കിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.












