തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുളള വോട്ടെടുപ്പ് സമാധാനപരവും നീതിപൂര്‍വ്വകവുമായി നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ അറിയിച്ചു.
സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി കേന്ദ്രസേന ഉള്‍പ്പെടെ അന്‍പത്തിരണ്ടായിരത്തിലധികം പുരുഷവനിത പോലീസുകാരെ സംസ്ഥാനത്ത് വിന്യസിച്ചുകഴിഞ്ഞു. ഇതോടൊപ്പം എക്‌സൈസ്, ഫോറസ്റ്റ്, തുടങ്ങിയ വകുപ്പുകളിലെ രണ്ടായിരത്തില്‍പ്പരം ജീവനക്കാരെയും 2027 ഹോംഗാര്‍ഡുകളെയും ക്രമസമാധാന ചുമതലയ്ക്ക് നിയോഗിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സേനയെയാണ് ഇത്തവണ നിയോഗിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സമാധാനപരമായും സുഗമമായും നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആവശ്യം വേണ്ട ജാഗ്രതപുലര്‍ത്തണമെന്ന് എല്ലാ ജില്ലാപോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതിനോ, അക്രമങ്ങള്‍ നടത്തുന്നതിനോ മറ്റുതരത്തിലുളള അനിഷ്ടസംഭവങ്ങള്‍ക്കോ ഉളള എതൊരു ശ്രമത്തേയും കര്‍ശനമായി നേരിടണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വോട്ടെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി പൂര്‍ത്തിയാക്കുന്നതിന് വേണ്ട സുരക്ഷാനടപടികളെടുക്കാന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉണ്ടാകും.
സമാധാനലംഘനത്തിനോ അക്രമത്തിനോ മുതിരുന്നവര്‍ക്കെതിരെ തല്‍ക്ഷണ നടപടികള്‍ കൈക്കൊളളുന്നതിനായി വോട്ടെടുപ്പുദിവസം 1395 ഗ്രൂപ്പ് പട്രോള്‍ സംഘങ്ങളെയും 932 ക്രമസമാധാനപാലന പട്രോള്‍ സംഘങ്ങളെയും നിയോഗിക്കും. കുറ്റവാളികളെയും ആക്രമികളെയും കണ്ടെത്തുന്നതിനും അനിഷ്ട സംഭവങ്ങള്‍ കൈയ്യോടെ പകര്‍ത്തുന്നതിനുമായി ഗ്രൂപ്പ് പട്രോള്‍ സംഘങ്ങള്‍ക്ക് വീഡിയോ ക്യാമറകളും നല്‍കിയിട്ടുണ്ട്.
അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് 291 ഇലക്ഷന്‍ സര്‍ക്കിള്‍, 116 സബ് ഡിവിഷന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം എല്ലാ സോണല്‍ എ.ഡി.ജി.പി. മാര്‍ക്കും റേഞ്ച് ഐ.ജി മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകള്‍ നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന പോലീസ് ആസ്ഥാനത്ത് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.
ഫോണ്‍ നമ്പര്‍. 0471 2722233. ഇതോടൊപ്പം എല്ലാ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഹോട്ട് ലൈന്‍, വയര്‍ലെസ്, മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങളോടുകൂടിയ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലവിലുണ്ടാകും
Discussion about this post