ന്യൂഡല്‍ഹി: കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നുവെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീം കോടതി നീക്കി. ജസ്‌റ്റിസ് വി.രാംകുമാറിന്റെ പരാമര്‍ശം അനവസരത്തിലുള്ളതും അനാവശ്യവുമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. 2008 മാര്‍ച്ച് 11 നാണ് ഹൈക്കോടതി പരാമര്‍ശം നടത്തിയത്. സംസ്‌ഥാനത്ത് ക്രമസമാധാനം താറുമാറായെന്നും തിരഞ്ഞെടുപ്പു കളിയില്‍ മുഴുകിയിരിക്കുന്ന അധികാരത്തിന്റെ ഇടനാഴികള്‍ ഇതൊന്നും അറിയുന്നില്ലെന്നും മറ്റുമായിരുന്നു ഹൈക്കോടതി പരാമര്‍ശം. റഹിം പൂക്കടശേരി വധശ്രമക്കേസിലെ 13 മുതല്‍ 15വരെ പ്രതികള്‍ക്കു ജാമ്യം നിഷേധിച്ച ഉത്തരവിലാണ് സംസ്‌ഥാനത്തെ ക്രമസമാധാനത്തകര്‍ച്ചയെക്കുറിച്ചു ഹൈക്കോടതിയില്‍ ജസ്‌റ്റിസ് വി. രാംകുമാര്‍ പരാമര്‍ശം നടത്തിയത്. പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജിയിലാണ് ഉത്തരവ്.












