ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുറച്ചു. 2015-16 ലെ 8.7 ശതമാനത്തില്‍നിന്ന് 8.1 ശതമാനത്തിലേക്കാണു കുറവ്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തെ നിരക്കാണിത്.
പിഎഫിന്റെയും ദേശീയ സമ്പാദ്യ പദ്ധതിയുടെയും പലിശനിരക്കു ത്രൈമാസം തോറും നിശ്ചയിക്കുന്ന രീതി നടപ്പായതിനുശേഷമുള്ള ആദ്യതവണയാണ് ഈ കുറയ്ക്കല്‍.
കേന്ദ്രസര്‍ക്കാരിലെ 32 ലക്ഷം ജീവനക്കാരുടെ പിഎഫ് നിക്ഷേപം ജനറല്‍ പ്രൊവിഡന്റ് ഫണ്ട് (ജിപിഎഫ്) ആണ് കൈകാര്യം ചെയ്യുന്നത്. ജിപിഎഫിനു നല്കുന്ന പലിശ തന്നെയാണു റെയില്‍വേ ജീവനക്കാരുടെയും സൈനികരുടെയും പിഎഫുകള്‍ക്കു നല്കുക. ഈ നിരക്കുതന്നെയാണു സാധാരണയായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടുകള്‍ക്കും നല്കുന്നത്. നേവല്‍ ഡോക്ക്‌യാര്‍ഡുകള്‍, ഓര്‍ഡിനന്‍സ് ഫാക്ടറികള്‍ എന്നിവിടങ്ങളിലെ പിഎഫിനും ഇതേ നിരക്കേ ലഭിക്കൂ.
സമ്പാദ്യപദ്ധതികളുടെ പലിശനിരക്ക് ബാങ്ക് പലിശയോട് അടുത്തുനില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണു പലിശ മൂന്നു മാസം കൂടുമ്പോള്‍ നിശ്ചയിക്കുന്നത്. ഏപ്രിലില്‍ ഇതു നടപ്പായി. ഓരോ ത്രൈമാസവും തുടങ്ങുന്നതിനു 15 ദിവസം മുമ്പ് ആ ത്രൈമാസത്തേക്കുള്ള പലിശ പ്രഖ്യാപിക്കും. മാര്‍ച്ച് 15ന് ഇങ്ങനെ പലിശ പ്രഖ്യാപിച്ചപ്പോള്‍ എല്ലായിനം നിക്ഷേപപദ്ധതികള്‍ക്കും പലിശ ഗണ്യമായി കുറച്ചിരുന്നു. അന്നു സര്‍ക്കാര്‍ ജീവനക്കാരുടെ പിഎഫിന്റെ പലിശനിരക്ക് പ്രഖ്യാപിച്ചില്ല. ഇപ്പോള്‍ സര്‍ക്കാര്‍ പിഎഫിനും പബ്ലിക് പ്രൊവിഡന്റ് ഫണ്ടി (പിപിഎഫ്)ന്റെ നിരക്കുതന്നെ പ്രഖ്യാപിച്ചു.
സ്വകാര്യമേഖലാ ജീവനക്കാരുടെ പിഎഫ് പലിശ നിശ്ചയിക്കുന്നതു തൊഴില്‍ മന്ത്രാലയവുംകൂടി ബന്ധപ്പെട്ടായതിനാല്‍ ഇത്രയും കുറച്ചിട്ടില്ല. എങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിരക്കു കുറയ്ക്കാന്‍ ധനമന്ത്രാലയം നടത്തിയ സമ്മര്‍ദം വിജയിച്ചു.
Discussion about this post