തിരുവനന്തപുരം: മുന്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ പുത്തന്‍വേലിക്കരയില്‍ മിച്ചഭൂമിയായ തണ്ണീര്‍ത്തടം നികത്താന്‍ അനുവാദം നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ഹര്‍ജിയില്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
വിശ്വാസ വഞ്ചന, കുറ്റകരമായ ഗൂഢാലോചന, അഴിമതി നിരോധന നിയമ പ്രകാരം ഔദ്യോഗിക പദവിയിലിരുന്നു ക്രമക്കേട് നടത്തുക തുടങ്ങിയ വകുപ്പുകളനുസരിച്ച് കേസെടുക്കാനായിരുന്നു ഉത്തരവ്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി മിച്ചഭൂമി നികത്താനുള്ള അപേക്ഷ അനുവദിച്ചത്.












