തിരുവനന്തപുരം: മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്‌സും ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്നും അനുയോജ്യമായ ചെരുപ്പോ മറ്റോ അണിഞ്ഞാല്‍ മതിയെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസസെക്രട്ടറി, ഡയറക്റ്റര്‍, സി.ബി.എസ്സ്.ഇയുടെ തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസര്‍ എന്നിവരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ സ്വീകരിച്ച നടപടി പത്തുദിവസത്തിനകം അറിയിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ ശ്രീമതി ശോഭാ കോശി, അംഗം ശ്രീ കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നനഞ്ഞ ഷൂസും സോക്‌സുമായി ദിവസം മുഴുവന്‍ ക്ലാസ്സില്‍ ഇരിക്കേണ്ടിവരുന്നത് കുട്ടികള്‍ക്ക് അസുഖത്തിന് കാരണമാകുന്നുവെന്നും മഴക്കാലത്ത് ഷൂസും സോക്‌സും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഒരു രക്ഷിതാവ് നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്. കുട്ടികളുടെ താല്‍പര്യസംരക്ഷണം കണക്കിലെടുത്ത് കമ്മീഷന്‍ അടിയന്തിരമായി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
Discussion about this post