ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത 72 മണിക്കൂര്‍കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള അറിയിപ്പില്‍ പറയുന്നത്.
ദുരിതം വിതച്ച ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളില്‍ സൈന്യത്തിന്റെയും ദേശിയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പതിനാലുപേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു.
ഇടവേളയില്ലാതെ പെയ്യുന്ന മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്. മെബൈല്‍ ടവറുകള്‍ പ്രവര്‍ത്തനരഹിതമായതും വൈദ്യുതി ബന്ധങ്ങള്‍ നശിച്ചതും രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും റോഡുകള്‍ നശിച്ചതും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ചമോലിയില്‍ കുടുങ്ങിയ ബദരിനാഥ് തീര്‍ഥയാത്രാസംഘത്തിലെ 70 പേരെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.












