തിരുവനന്തപുരം: വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുകയും അവരുടെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് ഫലപ്രദമായ രീതിയില്‍ മുന്നോട്ടുപോകുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. പുതുതായി തുടങ്ങിയശേഷം നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. www.facebook/epjayarajanonline എന്നതാണ് വിലാസം.
ജനങ്ങളുടെ വിലയേറിയ അഭിപ്രായ നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും വകുപ്പിന്റെ പ്രവര്‍ത്തനത്തിന് കരുത്ത് പകരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വ്യവസായ രംഗത്തെ മുരടിപ്പ് മാറ്റി പരമ്പരാഗതവും നൂതനവുമായ വ്യവസായ സംരഭങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുകൂലമായ സാഹചര്യം ഉണ്ടാക്കുന്നതിനുമുള്ള ബഹുമുഖ ഇടപെടലുകളാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നഷ്ടത്തിലായ പൊതുമേഖലാസ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിച്ച് ലാഭത്തിലാക്കും. നമ്മുടെ സംസ്ഥാനത്ത് കാര്‍ഷിക–വ്യാവസായിക മേഖല പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. അഭ്യസ്ത വിദ്യരായ യുവതലമുറയ്ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിനായി സ്റ്റാര്‍ട്ട് അപ്പ് പദ്ധതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്‍കുബേഷന്‍ സെന്ററുകളും തുടങ്ങും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പുതിയ വ്യവസായങ്ങളും ആധുനിക കൃഷിരീതികളും അതിവേഗത്തില്‍ വളരണം. അതോടൊപ്പം പരമ്പരാഗത മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ സാമൂഹ്യ സുരക്ഷിതത്വം ഏര്‍പ്പെടുത്തണം. ഈ ഒരു കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പരിസ്ഥിതി സൗഹൃദമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി മലിനീകരണ നിയന്ത്രണം ഉറപ്പുവരുത്തും. കേരളത്തിന്റെ ഖനിജങ്ങള്‍ പൊതുഉടമസ്ഥതയിലാക്കി ഖനനത്തിന് ശക്തമായ സാമൂഹ്യ നിയന്ത്രണ സംവിധാനം കൊണ്ടുവരും.
കായികരംഗത്ത് പുത്തന്‍ ഉണര്‍വ്വ് സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ ജനാധിപത്യപരമായി പുന:സംഘടിപ്പിക്കും. ജില്ലാതലത്തില്‍ നിന്ന് താഴേക്കും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ട് സ്‌പോര്‍ട്‌സ് ജനകീയമാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കാന്‍ പോകുന്നത്. കായിക ക്ഷമതയും ആരോഗ്യവുമുള്ള ഒരു തലമുറ സൃഷ്ടിക്കാനുള്ള ജനകീയ ഇടപെടലുകള്‍ നടത്തും. ഈ പ്രവര്‍ത്തനങ്ങളെല്ലാം വിജയിപ്പിക്കാന്‍ ജനങ്ങളുടെ കലവറയില്ലാത്ത പിന്തുണയും സഹകരണവും ആവശ്യമാണ്. അതോടൊപ്പം വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമെല്ലാം പ്രതീക്ഷിക്കുന്നു. അവയെല്ലാം ഉള്‍ക്കൊണ്ട് കരുത്തോടെ മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.
Discussion about this post