തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.എസ്സ്.ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ അഞ്ചുവരെയുളള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ശനിയാഴ്ചകളില്‍ ക്ലാസ്സ് നടത്തരുതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി തിരുവനന്തപുരത്തെ സി.ബി.എസ്സ്.ഇ റീജിയണല്‍ ഓഫീസര്‍ കര്‍ശനനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം ജെ. സന്ധ്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
ഇത് സംബന്ധിച്ച് കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാഭ്യാസാവകാശനിയമപ്രകാരം ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് 200 പ്രവൃത്തിദിവസവും ആറുമുതല്‍ എട്ടുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് 220 പ്രവൃത്തിദിവസവുമാണ് ഉണ്ടാകേണ്ടത്. ഇതനുസരിച്ച് സംസ്ഥാനത്തെ കേന്ദ്രീയവിദ്യാലയങ്ങളും സര്‍ക്കാര്‍ സ്‌കൂളുകളും ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ശനിയാഴ്ച ക്ലാസ്സ് ഒഴിവാക്കി പ്രവൃത്തിസമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്‌കൂളുകള്‍ക്ക് അവഗണിക്കാനാവില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി ആഗസ്റ്റ് 30 നകം അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post