കൊച്ചി: കഴിഞ്ഞ 19ന് കൊച്ചിയില്‍ തുടങ്ങി പിന്നീട് സംസ്ഥാനത്ത് പലയിടത്തും വളര്‍ന്ന അഭിഭാഷകരും മാധ്യമപ്രവര്‍ക്കരുമായുള്ള തര്‍ക്കങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ രമ്യമായ പരിഹാരമായി. ഹൈക്കോടതിക്കു വെളിയില്‍ ഇരുകൂട്ടരുമായി ഉണ്ടാകാവുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ അഡ്വക്കറ്റ് ജനറല്‍ അധ്യക്ഷനായി സ്ഥിരം സമതിക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ അഭിഭാഷകരേയും പ്രതിനിധീകരിക്കുന്ന ബാര്‍ കൗണ്‍സില്‍ പ്രതിനിധി, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവയുടെ മൂന്നു വീതം പ്രതിനിധികള്‍ അടങ്ങിയതാവും സമതി. പൊലീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത്തരം യോഗങ്ങളില്‍ സംസ്ഥാന പൊലീസ് ചീഫിനെ കൂടി വിളിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഓരോ പ്രശ്‌നങ്ങളിലും പ്രതിഷേധവും പ്രക്ഷോഭവും ഉയരുംമുമ്പേ സമതിയോഗം ചേര്‍ന്ന് പരിഹാരം കണ്ടെത്തും. ഹൈക്കോടതിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചീഫ് ജസ്റ്റിസുള്‍പ്പടെയുള്ള ഹൈക്കോടതി സംവിധാനത്തിന്റെ തീരുമാനമുണ്ടാകും. 19നു മുമ്പ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും സ്വീകരിച്ചിരുന്ന സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം മടക്കിക്കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇരുകൂട്ടരുമായുണ്ടായ പ്രശ്‌നങ്ങളില്‍ അഭിമാനിക്കാന്‍ ഇരുകൂട്ടര്‍ക്കും വകയില്ല. സമൂഹവും ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. അയ്യായിരത്തോളം അഭിഭാഷകരാണ് ഹൈക്കോടതിയിലുള്ളത്. നൂറില്‍ താഴെ മാത്രമാണ് അവിടെ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. ഇരുകൂട്ടരും എരി പകരുന്ന നിലപാടുകള്‍ ഇനിയുണ്ടാകാതെ നോക്കണം.
സംഘര്‍ഷം അടഞ്ഞ അധ്യായമായി കാണണമെന്നും 19നു മുമ്പുള്ള അന്തരീക്ഷം ഇരുകൂട്ടരും വളര്‍ത്തിയെടുക്കണമെന്നും നിര്‍ദേശിച്ച മുഖ്യമന്ത്രി ഒരു തരത്തിലുള്ള അതിക്രമവും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. ചര്‍ച്ചയുടെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും മുന്നോട്ടുവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഉച്ചയ്ക്ക് 12.30ന് അഭിഭാഷകരുടെ പൊതുവേദിയായ ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രതിനിധികള്‍, പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുമായി പ്രത്യേകം നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കങ്ങള്‍ക്ക് പരിഹാരമായത്. അഡ്വക്കറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍, അസി.സോളിസിറ്റര്‍ ജനറല്‍ അഡ്വ.എന്‍. നഗരേഷ്, സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹന്‍, അഡീഷണല്‍ അഡ്വ.ജനറല്‍മാരായ കെ.കെ. രവീന്ദ്രനാഥ്, രഞ്ജിത് തമ്പാന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. അത്യന്തം നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതെന്ന് ഇരുവിഭാഗവും ചര്‍ച്ചയില്‍ അംഗീകരിച്ചു. ഇത് ആവര്‍ത്തിക്കരുതെന്ന കാര്യത്തിലും ഇരുകൂട്ടരും ഏകാഭിപ്രായക്കാരായിരുന്നു. ആ സംഭവങ്ങള്‍ക്കിടെ അഡ്വക്കറ്റ് ജനറല്‍ മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയിലെ ജുഡീഷ്യല്‍ അന്വേഷണവും പൊലീസ് കേസ് അന്വേഷണവും തുടര്‍ന്നും നടക്കട്ടെയെന്നും ഇരുകൂട്ടരും സമ്മതിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള ശിപാര്‍ശ ലഭിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ചര്‍ച്ചയില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ല പ്രസിഡന്റ് കെ.രവികുമാര്‍, സെക്രട്ടറി എസ്.ഉണ്ണികൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.ഗോപകുമാര്‍, നിയമകാര്യലേഖകരെ പ്രതിനിധീകരിച്ച് റോസമ്മ ചാക്കോ, ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് ജോസഫ് ജോണ്‍, ഹൈക്കോടതി അഡ്വ.അസോസിയേഷന്‍ പ്രസിഡന്റ് എസ്.യു.നാസര്‍, വൈസ് പ്രസിഡന്റുമാരായ ഷീലദേവി, കൃഷ്ണദാസ് പി.നായര്‍, സെക്രട്ടറി ജഗന്‍ എബ്രഹാം, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Discussion about this post