കൊച്ചി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ കൊച്ചി എണ്ണശുദ്ധീകരണ ശാലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കൊച്ചി റിഫൈനറി രാജ്യത്തെ ഏറ്റവും മുന്‍നിര റിഫൈനറിയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമ്പലമുകളിലെ റിഫൈനറി സന്ദര്‍ശിച്ച ശേഷം അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് ഏറ്റവും ശ്രദ്ധേയമായ പൊതുമേഖല സ്ഥാപനങ്ങളിലൊന്നാണ് ബി.പി.സി.എല്‍ കൊച്ചി റിഫൈനറി. സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന റിഫൈനറിക്ക് നല്ല പിന്തുണ നാടും ജനങ്ങളും നല്‍കുന്നുണ്ട്. ഇവിടത്തെ തൊഴിലാളി മാനേജ്‌മെന്റ് ബന്ധവും ഊഷ്മളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിഫൈനറിയിലെ പുതിയ ഫയര്‍ സ്റ്റേഷന്റെ ഉദ്ഘാടനവും റിഫൈനറിയുടെ സാമൂഹ്യ പ്രതിബദ്ധത പരിപാടിയുടെ ഭാഗമായി സംസ്ഥാന പൊലീസിന് കൈമാറിയ ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫും മുഖ്യമന്ത്രി നിര്‍വഹിച്ചു. സംയോജിത റിഫൈനറി വികസന പദ്ധതി പ്രദേശം സന്ദര്‍ശിച്ച അദ്ദേഹം വൃക്ഷത്തൈ നട്ടു. കരാര്‍ തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തി. അവലോകനയോഗത്തില്‍ വി.പി. സജീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
എം.എല്‍.എമാരായ പി.ടി. തോമസ്, ഹൈബി ഈഡന്‍, എം. സ്വരാജ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. വേലായുധന്‍ (വടവുകോട് പുത്തന്‍കുരിശ്), കെ.സി. പൗലോസ് (തിരുവാണിയൂര്‍), വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ഐ.ജി എസ്. ശ്രീജിത്ത്, ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം, ജില്ല പോലീസ് മേധാവി എം.പി. ദിനേശ്, മുന്‍ എം.പിമാരായ പി. രാജീവ്, കെ. ചന്ദ്രന്‍പിള്ള, ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്‌സ്‌ക്യുട്ടീവ് ഡയറക്ടര്‍ പ്രസാദ്.കെ.പണിക്കര്‍, ജനറല്‍ മാനേജര്‍മാരായ എം.വി. പ്രഭാകരന്‍, പി.എസ്. രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു
Discussion about this post