തിരുവനന്തപുരം: നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സിമന്റിന്റെ വില കുറയ്ക്കാനും ലഭ്യത ഉറപ്പു വരുത്താനും നിര്‍മ്മാതാക്കളും ഡീലര്‍മാരും തയ്യാറാകണമെന്ന് മന്ത്രി ഇ. പി. ജയരാജന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സിമന്റിന് ക്ഷാമം നേരിടുകയും വില വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സിമന്റ് വിതരണ രംഗത്ത് ഇടനിലക്കാരെ ഒഴിവാക്കണമെന്നും പൂഴ്ത്തി വയ്പ്പ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സിമന്റ് വിതരണം കാര്യക്ഷമമാക്കാന്‍ ഉല്‍പ്പാദകരും ഡീലര്‍മാരും തമ്മില്‍ ആരോഗ്യകരമായ ബന്ധം നിലനിര്‍ത്തണം. ഉല്‍പ്പാദകരും ഡീലര്‍മാരും നേരിടുന്ന പ്രശ്‌നങ്ങളില്‍ സമയോചിത ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്‍കി. മന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തില്‍ വിവിധ കമ്പനികളുടെ പ്രതിനിധികളും ഡീലര്‍മാരും പങ്കെടുത്തു.
Discussion about this post