ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആനയോട്ടത്തില്‍ ഗോകുല്‍ ഒന്നാമനായി. രണ്ടാം തവണയാണ് ഗോകുല്‍ ആനയോട്ടത്തില്‍ ഒന്നാംസ്ഥാനത്തെത്തുന്നത്.
മഞ്ജുളാല്‍ പരിസരത്തുനിന്ന് ആരംഭിച്ച മത്സരത്തില്‍ ഗോകുലിന് പുറമെ കേശവന്‍കുട്ടി, സീനിയര്‍ അച്യുതന്‍, ഉമാദേവി, ശ്രീകൃഷ്ണന്‍ എന്നീ ആനകളാണ് പങ്കെടുത്തത്. തുടക്കത്തില്‍ ഗോകുലും ശ്രീകൃഷ്ണനും ഒപ്പത്തിനൊപ്പമായിരുന്നു ഓട്ടം. ഒടുവില്‍ ക്ഷേത്രത്തിലെത്തി ഗോകുല്‍ ആദ്യ പ്രദക്ഷിണം പൂര്‍ത്തിയാക്കി വിജയിയാവുകയായിരുന്നു. ഇനി ഉത്സവം കഴിയുന്നതുവരെ ഗുരുവായൂരപ്പന്റെ തിടമ്പേറ്റാനുള്ള ഭാഗ്യം ഗോകുലിനാണ്.
ഇതിനിടെ, ആനയോട്ടത്തിനിടെ ആനകള്‍ വിരണ്ടോടി. വിരണ്ടോടിയ കൊമ്പന്‍ ശ്രീകൃഷ്ണന്‍ രണ്ടുപേരെ കുത്തി പരിക്കേല്‍പ്പിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരന്‍ ജയറാം, കുണ്ടംകുളം സിഐ കെ.പി.ഹരിദാസ് എന്നിവര്‍ക്കാണ് പരിക്ക്. ജയറാം ആശുപത്രിയില്‍ ചികിത്സയിലാണ്.
ക്ഷേത്രത്തില്‍ ആദ്യം ഓടിയെത്തിയ ഗോകുലിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ശ്രീകൃഷ്ണന്‍ ആദ്യം ഗോകുലിനെ കുത്തുകയായിരുന്നു. പിന്നീട് ചിതറിയോടുന്നതിനിടെ താഴെ വീണ ജയറാമിനെയും കുത്തി. സിഐ ഹരിദാസിന് താഴെ വീണാണ് പരിക്കേറ്റത്. ഇടഞ്ഞ കൊമ്പന്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. ക്ഷേത്രത്തിന് പുറത്ത് സത്രം വളപ്പില്‍വച്ച് വടമിട്ട് ആനയെ തളയ്ക്കുകയായിരുന്നു. ഡോ. വിവേകിന്റെ നേതൃത്വത്തിലുള്ള സംഘം മരുന്ന് കുത്തിവച്ചാണ് ശ്രീകൃഷ്ണനെ ശാന്തനാക്കിയത്.
Discussion about this post