ആലപ്പുഴ: ആറന്മുള വിമാനത്താവള പദ്ധതിക്കായി മണ്ണിട്ടുനികത്തിയ പാടത്തും പരിസര പ്രദേശത്തും നവംബറില്‍ ഉത്സവമായി കൃഷിയിറക്കുമെന്ന് കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കൃഷിയിറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
56 ഹെക്ടര്‍ ഭൂമിയിലാണ് ആദ്യഘട്ടത്തില്‍ കൃഷിയിറക്കുക. ആഗസ്റ്റ് ആറിന് നടക്കുന്ന താലൂക്ക് ലാന്‍ഡ് ബോര്‍ഡ് യോഗത്തില്‍ ആറന്മുള വിമാനത്താവള ഭൂമിയെ മിച്ചഭൂമിയായി പ്രഖ്യാപിക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന് നിര്‍ദേശം നല്‍കി. പദ്ധതി പ്രദേശത്തെ തോട് പുനഃസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കണം. അവര്‍ തയാറായില്ലെങ്കില്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് ജില്ലാ ഭരണകൂടം തോട് പുനഃസ്ഥാപിക്കണം. ഇതിന്റെ ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണം. വ്യവസായ മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വ്യവസായ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് നെല്‍വയലുകള്‍ നികത്തി വന്‍ വ്യവസായം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കേരളത്തിലെ എല്ലാ പാടശേഖരങ്ങളിലും കൃഷിയിറക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ തയാറാക്കും. ആറന്മുളയില്‍ കൃഷിയിറക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതിന് വീണാ ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. വിമാനത്താവളം ആറന്മുളയില്‍ അസാധ്യമാണെന്നും അത്തരമൊരു അജണ്ടയുമായി ആരും മുന്നോട്ടുവരേണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നെല്‍കൃഷിയുടെ വിസ്തൃതി അപകടകരമായ രീതിയില്‍ കുറഞ്ഞിരിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്നുലക്ഷം ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഒരു ലക്ഷം ഹെക്ടര്‍ തരിശുഭൂമിയിലും നെല്‍കൃഷി ചെയ്യും. മെത്രാന്‍ കായലിലും കൃഷി ഇറക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിമാനത്താവള പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി യോഗത്തിനെത്തിയത്.
ആറന്മുളയുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ തുടക്കമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. നമ്മുടെ മണ്ണ് കവര്‍ന്നെടുക്കാനുള്ള ചിലരുടെ കപട നീക്കത്തിനെതിരായ നടപടിയുടെ തുടക്കംകൂടിയാണിതെന്നും എം.എല്‍.എ പറഞ്ഞു. ജില്ലയിലെ വിവിധ പാടശേഖര സമിതി പ്രതിനിധികള്‍ മന്ത്രിക്കുമുന്നില്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. കാര്‍ഷിക വികസനകര്‍ഷകക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി, ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, കര്‍ഷകര്‍, കൃഷി, മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
Discussion about this post