തിരുവനന്തപുരം: കഴക്കൂട്ടംമുക്കോല ദേശീയപാത റോഡ് 45 മീറ്ററാക്കി വീതികൂട്ടുന്നതിന്റെ ഭാഗമായി പൊളിക്കണമെന്ന് ആവശ്യമുയര്‍ന്ന വിമാനത്താവള റാമ്പ് പൊതു മരാമത്ത് മന്ത്രി ജി. സുധാകരന്‍ സന്ദര്‍ശിച്ചു. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ സ്ഥലത്ത് എയര്‍പോര്‍ട്ട് അതോറിറ്റി ആറു വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തതാണ് ഈ റാമ്പ്.
റോഡ് വീതികൂട്ടുന്നതിന് റാമ്പ് പൊളിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും നാഷണല്‍ ഹൈവേ അതോറിറ്റിയും എയര്‍ പോര്‍ട്ട് അതോറിറ്റിയും ചര്‍ച്ചചെയ്ത ശേഷമേ തീരുമാനമെടുക്കുകയുള്ളൂ എന്ന് മന്ത്രി പറഞ്ഞു. ബൈപാസ് വീതികൂട്ടല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഡോ. എന്‍.എസ്. ശ്രീനിവാസന്‍ കണ്‍വീനറായ കമ്മിറ്റിയെ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് നാറ്റ് പാക്ക് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് വ്യത്യസ്തമായ വാര്‍ത്തകള്‍ വരുന്നതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനമെന്നും മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിമാനത്താവളത്തിലേക്കുള്ള റോഡ് നിര്‍മിക്കുന്നതിനും ദേശീയപാതാ വികസനം സാധ്യമാക്കുന്നതിനും ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സംസ്ഥാനത്തുടനീളം റോഡ് അറ്റകുറ്റപ്പണികള്‍ക്കായി 366 കോടി രൂപയും പുനര്‍ നിര്‍മാണത്തിനായി 4000 കോടി രൂപയും ചെലവു വരുമെന്ന് മന്ത്രി സൂചിപ്പിച്ചു. ഏകദേശം അയ്യായിരം കോടി രൂപ ലഭിച്ചാല്‍ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും.
സംസ്ഥാനത്ത് റോഡ് നിര്‍മാണത്തില്‍ റബറൈസ്ഡ് ബിറ്റുമിനും വേസ്റ്റ് പ്ലാസ്റ്റിക്കും ഉപയോഗിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. മെയ്ന്റനന്‍സ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തില്‍ പാളിച്ചയുള്ളത് റോഡ് നിര്‍മാണത്തിലെ ഗുണമേന്മയെ ബാധിക്കുന്നുണ്ടെന്നും റോഡ് മെയ്ന്റനന്‍സിന്റെ മേല്‍നോട്ടത്തിനു മാത്രമായി ഒരു ചീഫ് എഞ്ചിനീയറെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. സുബ്രതാ ബിശ്വാസ്, നാഷണല്‍ ഹൈവേ ചീഫ് എഞ്ചിനീയര്‍, നാറ്റ്പാക് ഡയറക്ടര്‍ എന്നിവര്‍ മന്ത്രിയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു
Discussion about this post