തിരുവനന്തപുരം: കുട്ടികളെ ലഹരിക്ക് അടിമകളാക്കാനുമുള്ള നീക്കങ്ങള്‍ക്കെതിരെ മാതാപിതാക്കളും സര്‍ക്കാരിനൊപ്പം അണിചേരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ നൂറുദിവസം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് നല്‍കിയ റേഡിയോ സന്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന.
ലഹരിവിപത്ത് തുടച്ചുനീക്കാന്‍ മാതാപിതാക്കള്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കണം. അവരിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ അധ്യാപകരുമായി സംസാരിക്കുകയും കൗണ്‍സലിംഗ് സേവനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യണം. ഒരുമിച്ചാല്‍ ലഹരിയെ വേരോടെ പിഴുതെറിയാനാകും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നാടിന്റെ വികസനത്തിനും അടിയന്തിരമായുള്ള ആശ്വാസപ്രവര്‍ത്തനത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ദ്വിമുഖ പരിപാടിയാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്നത്. നാടിന്റെ വികസനം, ജനങ്ങളുടെ ക്ഷേമം എന്നിവയ്ക്ക് പരിമിതികള്‍ തടസ്സമാകില്ല. മൂലധനനിക്ഷേപത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും ഊന്നല്‍ നല്‍കുന്നുണ്ട്. ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു.
സ്ത്രീസുരക്ഷ, തൊഴിലവസരമുണ്ടാക്കല്‍, വിലക്കയറ്റ നിയന്ത്രണം, ന്യായവില ഉറപ്പാക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ ചെയ്യുന്നുണ്ട്. ജനങ്ങളുടെ ഒരുമയും ഐക്യവും തകര്‍ക്കാന്‍ ഛിദ്രശക്തികള്‍ ശ്രമിക്കുന്നുണ്ട്. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി മനുഷ്യമനസുകളുടെ ഒരുമ കാത്തുരക്ഷിക്കാന്‍ സര്‍ക്കാരിന്റെ നീക്കങ്ങളില്‍ ജനങ്ങള്‍ ഒപ്പമുണ്ടാകണം. പറമ്പുകളില്‍, വീടുകളില്‍, മട്ടുപ്പാവുകളില്‍ ഒക്കെ നമുക്ക് ചെറിയ ചെറിയ പച്ചക്കറിത്തോട്ടങ്ങളുണ്ടാക്കി ഭക്ഷ്യമേഖലയില്‍ സ്വയംപര്യാപ്തത നേടണം. മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നത്ര മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കണം. അതിനു കാരണമാകുന്ന വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. എല്ലാ മേഖലകളിലും സമതുലിതമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post