തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 81-ാം ജയന്തി ശ്രീരാമദാസാശ്രമം, ശ്രീരാമദാസമിഷന്‍, ശ്രീരാമദാസമിഷന്‍
യൂണിവേഴ്‌സല്‍ സൊസൈറ്റി എന്നീ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ സെപ്റ്റംബര്‍ 23, 25 തീയതികളിലായി വിപുലമായി ആഘോഷിക്കും.
23-ാം തീയതി കിഴക്കേക്കോട്ട അഭേദാശ്രമത്തില്‍ വൈകുന്നേരം 6ന് ശ്രീ സത്യാനന്ദഗുരു സമീക്ഷ (ജയന്തി മഹാസമ്മേളനം) കേരള കലാമണ്ഡലം മെമ്പര്‍ പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്യും.
ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി ജയന്തി സന്ദേശം വിളംബരം ചെയ്യും. തിരുമല ശ്രീമാധവസ്വാമി ആശ്രമം പ്രസിഡന്റ് ജനാര്‍ദ്ദനന്‍പിള്ള അദ്ധ്യക്ഷത വഹിക്കും. ഡോ.നന്ത്യത്ത് ഗോപാലകൃഷ്ണന്‍, എസ്.കിഷോര്‍കുമാര്‍ എന്നിവര്‍ സംസാരിക്കും. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി സത്യാനന്ദ
തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
സെപ്റ്റംബര്‍ 25ന് ജയന്തി ദിനത്തില്‍ രാവിലെ ആരാധനയോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് അഹോരാത്ര ശ്രീരാമായണ പാരായണം, ലക്ഷാര്‍ച്ചന, കഞ്ഞിസദ്യ, അമൃതഭോജനം, പൂമൂടല്‍, ഭജന എന്നിവ നടക്കും. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 26ന് രാവിലെ 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടുകൂടി ജയന്തി ചടങ്ങുകള്‍ സമാപിക്കും.












