പത്തനംതിട്ട: ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും ഐ.എല്‍.ഡി.എമ്മും സംയുക്തമായി നടത്തിയ പമ്പസന്നിധാനം സുരക്ഷാ യാത്രയില്‍ 60 അപകട സാധ്യതാ മേഖലകള്‍ കണ്ടെത്തി. മണ്ഡലമകരവിളക്ക് കാലത്തിനു മുന്നോടിയായാണ് സുരക്ഷാ യാത്ര നടത്തിയത്.
പമ്പയില്‍ നിന്ന് സ്വാമിഅയ്യപ്പന്‍ റോഡുവഴി സന്നിധാനത്തേക്കായിരുന്നു യാത്ര. അപകട മേഖലകളില്‍ സ്വീകരിക്കേണ്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ സംഘം ശുപാര്‍ശ ചെയ്തു.ദുരന്ത നിവാരണം ഡെപ്യുട്ടി കളക്ടര്‍ ജി. ബാബുവിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. അടൂര്‍ ആര്‍.ഡി.ഒ, ഐ.എല്‍.ഡി.എം, ദുരന്ത നിവാരണം, ഫയര്‍ ഫോഴ്‌സ്, പോലീസ്, വനം, ജലഅതോറിറ്റി, ഇറിഗേഷന്‍, എക്‌സൈസ്, ദേവസ്വം, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരുമാണ് സുരക്ഷാ യാത്രയില്‍ പങ്കെടുത്തത്.
തീര്‍ഥാടന പാതയില്‍ പല സ്ഥലങ്ങളിലും വന്‍തോതില്‍ മാലിന്യം കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണമെന്ന് സംഘം നിര്‍ദേശിച്ചു. സ്ഥലങ്ങള്‍ തിരിച്ചറിയാനായി സ്ഥാപിച്ച ബോര്‍ഡുകള്‍ പലയിടത്തും വീണുകിടക്കുകയാണ്. ഇവ പുനഃസ്ഥാപിക്കണം. ചെളിക്കുഴിക്ക് സമീപം കാടിനുള്ളിലേക്ക് തീര്‍ഥാടകര്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ ബാരിക്കേഡ് സ്ഥാപിക്കണം. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ആവശ്യമായ വന സംരക്ഷണ പ്രവര്‍ത്തനം നടത്തണം. ഇത്തരം സ്ഥലങ്ങളില്‍ അപകട മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണം. മാസപൂജ സമയത്തും വിവിധ സ്ഥലങ്ങളില്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കണമെന്ന് സംഘം ശുപാര്‍ശ ചെയ്യും.
തീര്‍ഥാടന പാതയില്‍ ഒടിഞ്ഞുവീഴാന്‍ സാധ്യതയുള്ള മരക്കൊമ്പുകള്‍ വെട്ടിമാറ്റാന്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ എല്‍.പി.ജി ഉള്‍പ്പടെയുള്ള ഇന്ധനം സുരക്ഷാ മാനദണ്ഡം പാലിക്കാതെ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ ഹോട്ടലുകള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം തയാറാക്കി നല്‍കും. മണ്ഡലകാലത്ത് പരിശോധന നടത്തുന്ന റവന്യു ഉദ്യോഗസ്ഥരോടൊപ്പം ഫയര്‍ ഫോഴ്‌സ് അംഗത്തെയും ഉള്‍പ്പെടുത്തും. ഫയര്‍ ഹൈഡ്രേറ്റിന് ആവശ്യമുള്ള മര്‍ദ്ദം നല്‍കുന്നതിന് വിനായക ഗസ്റ്റ് ഹൗസില്‍ സ്ഥാപിച്ച മോട്ടോര്‍ പ്രവര്‍ത്തരഹിതമാണെന്ന് കണ്ടെത്തി. ഇത് ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ നന്നാക്കും. തീര്‍ഥാടകര്‍ക്ക് പാമ്പുകടിയേല്‍ക്കുന്ന സാഹചര്യത്തെ നേരിടുന്നതിന് ആരോഗ്യ വകുപ്പ് ആവശ്യമായ മുന്‍കരുതല്‍ ഉറപ്പുവരുത്തണം.
പമ്പയിലെയും സന്നിധാനത്തേയും ഫയര്‍ ഹൈഡ്രെന്റുകളുടെ പ്രവര്‍ത്തനം ഫയര്‍ ഫോഴ്‌സും ദേവസ്വം ബോര്‍ഡും സംയുക്തമായി പരിശോധിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. പ്രവര്‍ത്തനക്ഷമമല്ലാത്തവ തീര്‍ഥാടന കാലത്തിനു മുന്‍പ് മാറ്റി സ്ഥാപിക്കണം. വനത്തിനുള്ളിലൂടെ തീര്‍ഥാടകര്‍ വരുന്ന പാതകളില്‍ വഴിതെറ്റാതിരിക്കാന്‍ വടം കെട്ടാനും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും വനം വകുപ്പിന് നിര്‍ദേശം നല്‍കി. അപ്പം, അരവണ പ്ലാന്റ്, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഡീസല്‍ ഉള്‍പ്പടെ ഇന്ധനം സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ ആവശ്യമായ അഗ്‌നിശമന ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനു ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. വെടിമരുന്ന് മാഗസിനുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ദേവസ്വത്തിനു നല്‍കി.
നീലിമല വഴിയുള്ള ശരണപാതയിലും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി സുരക്ഷാ യാത്ര നടത്തുമെന്നും ശബരിമല ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി പരിശോധിച്ച് മാര്‍ഗനിര്‍ദേശങ്ങളോടെ തുടര്‍ നടപടികള്‍ക്ക് സമര്‍പ്പിക്കുമെന്നും ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു.
Discussion about this post