*മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായി 501 അംഗ സംഘാടക സമിതി
*ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ആദ്യവാരം മുതല്‍
തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ ഒമ്പതു മുതല്‍ 16 വരെ നഗരത്തിലെ വിവിധ വേദികളില്‍ നടക്കും. ചലച്ചിത്രോത്സവ നടത്തിപ്പിനായി മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയും സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ. ബാലന്‍ ഫെസ്റ്റിവല്‍ പ്രസിഡന്റും മേയര്‍ വി.കെ. പ്രശാന്ത് ചെയര്‍മാനുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണിജോര്‍ജ് ആണ് ചീഫ് കോഓര്‍ഡിനേറ്റര്‍. മാസ്‌കറ്റ് ഹോട്ടലില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അറുനൂറോളം എന്‍ട്രികളില്‍ നിന്നു തെരഞ്ഞെടുക്കുന്ന 200 ഓളം ചലച്ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുക. മത്സര വിഭാഗത്തില്‍ 10 അന്താരാഷ്ട്ര സിനിമകളും രണ്ട് ഇന്ത്യന്‍ സിനിമകളും രണ്ട് മലയാളം സിനിമകളുമുണ്ടാകും. ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ആദ്യവാരം ആരംഭിക്കും. ഡെലിഗേറ്റ് പാസിന് 500 രൂപ ഫീസ് ഈടാക്കും. വിദ്യാര്‍ത്ഥികള്‍ക്കിത് 300 രൂപയാണ്. ആകെ പതിനയ്യായിരം പേര്‍ക്കാണ് പാസ് നല്‍കുക. പ്രതിനിധികള്‍ക്ക് സിനിമ കാണുന്നതിന് റിസര്‍വേഷന്‍ സൗകര്യവുമുണ്ടാകും.
സിനിമ പോലെ ആശയ സംവേദനത്തിനുതകുന്ന മറ്റൊരുമേഖലയുമില്ലെന്ന് അധ്യക്ഷപ്രസംഗത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി പറഞ്ഞു. ഗ്രാമങ്ങളില്‍ യഥേഷ്ടം സിനിമ ആസ്വദിക്കാവുന്ന സാഹചര്യമുണ്ടാക്കുക ഈ സര്‍ക്കാരിന്റെ ലക്ഷ്യമാണ്. മണ്ഡലത്തില്‍ ഒരു തിയേറ്ററെങ്കിലും എന്ന ക്രമത്തില്‍ നൂറ് തിയേറ്ററുകള്‍ ഗ്രാമങ്ങളില്‍ പുതുതായി സ്ഥാപിക്കുമെന്നും വൈഡ് റിലീസും ഇടിക്കറ്റിങ്ങും സാധ്യമാക്കി സിനിമാ വ്യവസായത്തെ ലാഭപൂര്‍ണമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും മുന്‍ ചെയര്‍മാന്‍മാരുമായ കെ. മോഹനന്‍, സിബി മലയില്‍, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍, നടന്‍ മധു, ലെനിന്‍ രാജേന്ദ്രന്‍, ടി.വി.ചന്ദ്രന്‍, ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post